കോവിഡ് 19; ബൂത്തിനകത്ത് ഒരേസമയം 3 വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം

post

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണങ്ങളും മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കും. പോളിംഗ് ഏജന്റുമാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. വോട്ടര്‍മാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം.

വോട്ടര്‍മാര്‍ രജിസ്റ്ററില്‍ ഒപ്പ് , വിരലടയാളം പതിക്കണം. വോട്ടര്‍മാരുടെ വിരലില്‍ ശ്രദ്ധാപൂര്‍വ്വം വേണം മഷി പുരട്ടേണ്ടത്. ത്രിതല പഞ്ചായത്തുകള്‍ക്ക് 3 വോട്ടും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ക്ക് ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. ബൂത്തിനകത്ത് ഒരേസമയം 3 വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം. കോവിഡ്-19 പോസിറ്റീവ് ആയവര്‍ക്കും ക്വാറീനിലുള്ളവര്‍ക്കും തപാല്‍ വോട്ടാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാല്‍ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. വോട്ടെടുപ്പിന് ശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.