ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

post

കണ്ണൂര്‍ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്തു.  'ഉത്തരവാദിത്വം പങ്കുവയ്ക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

സുരക്ഷിതമായ ലൈംഗിക ബന്ധം, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉറ ഉപയോഗിക്കുക, മയക്കുമരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക, അംഗീകൃത രക്തബാങ്കില്‍ നിന്നു മാത്രം രക്തം സ്വീകരിക്കുക, ഗര്‍ഭിണികള്‍ മുന്‍കൂട്ടി എച്ച് ഐ വി പരിശോധന നടത്തുകയും എച്ച് ഐ വി ബാധിതരെങ്കില്‍ ശരിയായ ചികിത്സയിലൂടെ കുഞ്ഞിലേക്കുള്ള വ്യാപനം തടയുകയും ചെയ്യുക എന്നിവയിലൂടെ  എയ്ഡ്‌സ് നിയന്ത്രിക്കാന്‍ സാധിക്കും. എച്ച് ഐ വി ബാധ തടയുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം നമുക്കെല്ലാം ഉണ്ടെന്നും എയ്ഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതെ രോഗത്തിനെതിരെ പൊരുതാന്‍ അവരോട് നാം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ചോല, ഹെല്‍ത്ത് ലൈന്‍ എന്നീ സന്നദ്ധസംഘടനകളുടെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെയും സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മെഴുകുതിരി തെളിയിച്ചു. റെഡ് റിബണ്‍ ക്യാമ്പയിനും നടന്നു.

ചടങ്ങില്‍ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം കെ ഷാജ്, ഡോ. പ്രീത, എയ്ഡ്‌സ് നിയന്ത്രണ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ജി അശ്വിന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.