തദ്ദേശ തെരഞ്ഞെടുപ്പ്: മാധ്യമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

post

വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ, സ്ഥാനാര്‍ത്ഥിക്കോ അനുകൂലമാകുന്നതോ, പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്‌സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനവും മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാണ്. കേബിള്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണം. പ്രസ് കൗണ്‍സില്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍, ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി മാര്‍ഗ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പാലിക്കണം.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളില്‍ പരിഹാരം കണ്ടെത്തുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചിട്ടുണ്ട്. പെരുമാറ്റചട്ടവും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് സമിതി നിരീക്ഷിക്കും. ഇതിനായി മീഡിയാ മോണിറ്ററിങ് സെല്ലും രൂപീകരിച്ചു. മാധ്യമ സംബന്ധമായ പരാതികള്‍ diowayand2@gmail.com എന്ന മെയിലിലേക്കോ കണ്‍വീനര്‍, മീഡിയാ റിലേഷന്‍സ് സമിതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വയനാട് എന്ന വിലാസത്തിലേക്കോ അയയ്ക്കാവുന്നതാണ്.