ന്യൂനമര്‍ദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

post

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത  പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഡിസംബര്‍ ഒന്നുമുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചു.

നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്. ഞായറാഴ്ച (നവംബര്‍ 29) കടലില്‍ പോകുന്നവര്‍ തിങ്കളാഴ്ച (നവംബര്‍ 30) അര്‍ദ്ധരാത്രിയോടെ തീരത്ത് നിര്‍ബന്ധമായും തിരിച്ചെത്തണം. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാല്‍ ഈ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം.

ഡിസംബര്‍ ഒന്നുമുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി.

ന്യൂനമര്‍ദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന  സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നിലവില്‍ കാലാവസ്ഥ മോഡലുകളുടെ സൂചന അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിച്ചു.

കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ രണ്ടോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുവാന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാകണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കൂടുതല്‍ വ്യക്തത വരുന്ന മുറക്ക് അപ്‌ഡേറ്റ് ചെയ്യുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിച്ചു വരികയാണ്. പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.