പോളിങ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ പൂര്‍ത്തീകരിച്ചു

post

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍  ഇ-ഡ്രോപ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പൂര്‍ത്തീകരിച്ചു. എ ഡി എമ്മും ഇ-ഡ്രോപ്സ് നോഡല്‍ ഓഫീസറുമായ എന്‍ ദേവീദാസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ  രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പോളിങ് ഡ്യൂട്ടിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള  ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇ-ഡ്രോപ്സ് സോഫ്റ്റ്വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതത് സ്ഥാപനമേധാവികള്‍ നിയമന ഉത്തരവുകള്‍ സമയബന്ധിതമായി വിതരണം ചെയ്ത്, അക്നോളജ്മെന്റ് ഇ-ഡ്രോപ്പ് സോഫ്റ്റ്വെയറില്‍ ഉടന്‍തന്നെ അപ്ഡേറ്റ് ചെയ്യണം. നിയമന ഉത്തരവ് വിതരണം ചെയ്യുന്നത്  സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് നോഡല്‍ ഓഫീസര്‍ എന്‍ ദേവീദാസ് അറിയിച്ചു.

പോളിങ് ഡ്യൂട്ടി: പരിശീലനം ഡിസംബര്‍ ഒന്ന് മുതല്‍

പോളിങ് ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ്  ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസ് ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവില്‍ പരിശീലന ക്ലാസിന്റെ സ്ഥലം, തീയ്യതി, സമയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമന  ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. തെരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് എ ഡി എം എന്‍ ദേവീദാസ്  പറഞ്ഞു.