തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി

post

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ഘട്ടങ്ങളായി നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്തിലേക്ക്  മത്സരിക്കുന്ന 83 സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കലക്ടര്‍ വിശദീകരിക്കുകയും  സ്ഥാനാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.  കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവരുടെ പോസ്റ്റല്‍ വോട്ടിങ് സംവിധാനവും അദ്ദേഹം വിശദീകരിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ എഡിഎം റോഷ്നി നാരായണും ഹരിതചട്ടം സംബന്ധിച്ച് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം.സൂര്യയും  വിശദീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത, സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സമ്മതിദായകര്‍ക്കുമുള്ള ലഘുലേഖ, ഹരിതചട്ടപാലനം പുസ്തകം എന്നിവ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കി. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു.