തിരഞ്ഞെടുപ്പ്; ചെലവ് കണക്കുകള്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണം; ജില്ലാ കലക്ടര്‍

post

കൊല്ലം: തിരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകളുടെ കണക്കുകള്‍ ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം  അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയെ സംബന്ധിച്ച് ജില്ലാ കലക്ടറുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍. കണക്കുകള്‍ രേഖപ്പെടുത്തുന്നതിനുള്ള നിശ്ചിത ഫോറം അതത് വരണാധികാരിയില്‍ നിന്ന് ലഭിക്കും.

ഒന്നിലധികം സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി ഓരോ തിരഞ്ഞെടുപ്പിലെയും ചെലവുകള്‍ തയ്യാറാക്കി നല്‍കണം. ചെലവുകള്‍ ഒന്നുമില്ലെങ്കില്‍ അതും രേഖപ്പെടുത്തണം. സ്ഥാനാര്‍ഥിയുടെ നിക്ഷേപത്തുകയും ചെലവിനമായി തന്നെ കണക്കാക്കണം. തപാല്‍, റെയില്‍വേ യാത്ര മുതലായ ചെലവുകള്‍ ഒഴികെ മറ്റെല്ലാ ചെലവുകള്‍ക്കും ക്രമമായി നമ്പരിട്ട വൗച്ചറുകളും വേണം. ഇവയും  കണക്കിനോടൊപ്പം നല്‍കണം. ഓരോ വൗച്ചറിലും സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ ഏജന്റോ ഒപ്പ് വയ്ക്കണം. കൂടാതെ സമര്‍പ്പിക്കുന്ന കണക്കുകള്‍ സ്ഥാനാര്‍ഥിയുടെ ഏജന്റ് സൂക്ഷിച്ചിട്ടുള്ള കണക്കുകളുടെ ശരി പകര്‍പ്പാണെന്ന് സ്ഥാനാര്‍ഥി തന്നെ സാക്ഷ്യപ്പെടുത്തണം. കണക്കുകള്‍ സമര്‍പ്പിച്ചതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും സ്ഥാനാര്‍ഥി രസീത് വാങ്ങി സൂക്ഷിക്കണം.

നിയമവിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച പരാതികള്‍ കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ചെലവ് നിരീക്ഷകന് കൈമാറുകയും അന്വേഷിക്കുകയും ചെയ്യും. ചെലവ് നിശ്ചിത പരിധിയില്‍ കൂടുകയോ കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യരുത്. വീഴ്ച്ചവരുത്തിയാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്ന തീയതി മുതല്‍ അഞ്ചുവര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അംഗമായിരിക്കുന്നതിനും അയോഗ്യത കല്പ്പിക്കുമെന്നും കലക്ടര്‍  അറിയിച്ചു.