തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി

post

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഹാളുകളുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിനും ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കളക്ടര്‍ നേരിട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പരമാവധി അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുു. ഉച്ചയോടെ അമ്പലപ്പുഴ മോഡല്‍ സ്‌കൂളിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെ തയ്യാറാക്കുന്ന സ്‌ട്രോങ് റൂം, വോട്ടിങ് മെഷീനുകളുടെ വിതരണത്തിനും സ്വീകരിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍, പോളിങ് സാമഗ്രികളുടെ വിതരണം എന്നിവയ്കള്ള സൗകര്യങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.സ്വര്‍ണമ്മ, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ്. അന്‍വര്‍, റിട്ടേണിങ് ഓഫീസര്‍ വി.ഐ.നസീം, എ.ആര്‍.ഓ വി.ജെ.ജോസഫ്, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായി. വിവിധ കേന്ദ്രങ്ങളുടെ പരിശോധന ബുധനാഴ്ചയോടെ പൂര്‍ത്തിയാകും. 12 ബ്ലോക്കുകളിലായി 12 വിതരണകേന്ദ്രങ്ങള്‍, 12 സ്വീകരണ കേന്ദ്രങ്ങള്‍, 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, 12 സ്‌ട്രോങ് റൂമുകള്‍ എന്നിവ സജ്ജമാക്കിവരുകയാണ്. കൂടാതെ ആറ് നഗരസഭകള്‍ക്കായി ഇത്തരത്തില്‍ ആറ് വീതം കേന്ദ്രങ്ങളും സജ്ജമാക്കുന്നുണ്ട്.