തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ക്കായി 'കില' പരിശീലനം സംഘടിപ്പിച്ചു

post

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 'കില'യും ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും കോവിഡ് 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും സുഗമമായി നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ പരിശീലനം നടത്തി വരികയാണ് 'കില'. അതിന്റെ ഭാഗമായാണ് ജില്ലയിലും പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പിനിടയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുകയെന്നത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ചുമതലയാണ്. ഓരോരുത്തര്‍ക്കും ലഭിച്ച ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡ് പ്രതിരോധം ഉറപ്പുവരുത്തുകയും മാസ്‌ക്, സാനിട്ടൈസര്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഏറ്റെടുത്തിട്ടുള്ള ചുമതല പ്രതിജ്ഞാബദ്ധമായി നടപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കി വെച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിക്കരുത്. പെരുമാറ്റ ചട്ടത്തിന് അകത്തുനിന്ന് അനുവദനീയമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും അവര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കിവരുന്ന ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മുടക്കം വരാന്‍ പാടില്ല. പാലിയേറ്റീവ് പരിചരണം, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം എന്നിവയും ഉത്തരവാദിത്തത്തോടെ നടപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനീഷ് ക്ലാസെടുത്തു. പഞ്ചായത്ത് ഉപ ഡയറക്ടര്‍ എസ് ശ്രീകുമാര്‍, ഹാസാര്‍ഡ് അനലിസ്റ്റ് റോണു മാത്യു, ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി, ആശ സി എബ്രഹാം (ഡെപ്യൂട്ടി കളക്ടര്‍ ദുരന്ത നിവാരണം ), കില അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് വിനോദ് കെ, ഡോ. കോശി സി എബ്രഹാം, കില ജില്ല കോര്‍ഡിനേറ്റര്‍, പി ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.