അയ്യപ്പന്മാരുടെ വിശപ്പകറ്റി ദേവസ്വം ബോര്‍ഡിന്റെ സൗജന്യ അന്നദാന വിതരണം

post

പത്തനംതിട്ട:  ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സൗജന്യ അന്നദാന വിതരണം നടത്തുന്നു. സന്നിധാനത്ത് രാവിലെ 5.30 മുതല്‍ 11.30 വരെ പ്രഭാത ഭക്ഷണമായ ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് നല്‍കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് നട അടയ്ക്കുന്നതുവരെ പുലാവും സാലട്, അച്ചാര്‍ എന്നീ കറികളും വിതരണം നടത്തുന്നു. വൈകിട്ട് 4.30 മുതല്‍ രാത്രി നട അടയ്ക്കുന്നതുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയാണ് നല്‍കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണ വിതരണം. ഭക്ഷണം കഴിക്കുന്ന ആളുകളുടെ ശാരീരിക അകലം ഉറപ്പാക്കുന്നതിന് ഇരിപ്പിടങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. യഥാസമയം ശുചീകരണം ഉള്‍പ്പെടെ നടത്തിവരുന്നു. സന്നിധാനത്തെ മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തില്‍ ഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനുമായി നിലവില്‍ ദേവസ്വം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരുമുള്‍പ്പെടെ 40 പേര്‍ സേവനത്തിലുണ്ട്. സന്നിധാനത്തെ അന്നദാനവിതരണത്തിന് അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി. ദിലീപ് കുമാര്‍ നേതൃത്വം നല്‍കുന്നു.

 പമ്പയില്‍ മണല്‍പുറത്ത് സ്ഥിതി ചെയ്യുന്ന അന്നദാനമണ്ഡപത്തില്‍ രാവിലെ ഏഴു മുതല്‍ 11 വരെ ഉപ്പുമാവും, കടലക്കറിയും, ചുക്ക്കാപ്പിയും വിതരണം നടത്തുന്നു. ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വെജിറ്റബിള്‍ പുലാവ്, സാലട്, അച്ചാര്‍ എന്നിവയും നല്‍കുന്നു. വൈകിട്ട് ആറ് മുതല്‍ രാത്രി 10 വരെ ഉപ്പുമാവും, കടല അല്ലെങ്കില്‍ വെജിറ്റബിള്‍ കറിയും, ചുക്കുകാപ്പിയും വിതരണം ചെയ്യുന്നു. പമ്പ മണല്‍പ്പുറത്തുള്ള അന്നദാനമണ്ഡപത്തിന്റെ പിന്‍വശത്തുള്ള സര്‍വീസ് റോഡുവഴി പ്രവേശിക്കാം.

ഇവിടെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് അന്നദാനവിതരണം. അണുനശീകരണം നടത്തിയ പാത്രങ്ങളാണ് ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നത്. ദേവസ്വം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ നിലവില്‍ 20 പേരാണ് ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനുമായി ഉള്ളത്. അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എസ്. മനു, അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ മണികണ്ഠന്‍ നമ്പൂതിരി എന്നിവര്‍ പമ്പ അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നു.

   നിലയ്ക്കല്ലിലെ അന്നദാനമണ്ഡപത്തില്‍ രാവിലെ ഏഴ് മുതല്‍ 10.30 വരെ ഉപ്പുമാവും, കടലക്കറിയും വിതരണം ചെയ്യുന്നു. ഉച്ചയ്ക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെ പുലാവും സാലഡും അച്ചാറും കറികളായി നല്‍കുന്നു. വൈകിട്ട് ഏഴ് മുതല്‍ രാത്രി 9.30 വരെ ഉപ്പുമാവും, കടലക്കറിയും നല്‍കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇവിടെയും അന്നദാനവിതരണം. ഒരു മേശയില്‍ രണ്ടു പേരെ മാത്രമാണ് ഭക്ഷണം കഴിക്കാനായി ഇരുത്തുന്നത്. ദേവസ്വം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ നിലവില്‍ ഇവിടെ 15 പേരാണ് ഭക്ഷണം ഉണ്ടാക്കുന്നതിനും വിതരണം നടത്തുന്നതിനുമായി സേവനത്തിലുള്ളത്. നിലയ്ക്കലെ അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തിന് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജി. ബിനു നേതൃത്വം നല്‍കുന്നു.