പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാനായി : മന്ത്രി അഡ്വ. കെ രാജു

post

കൊല്ലം : പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ വലിയ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വനം  മന്ത്രി കെ. രാജു. പുനലൂര്‍ നഗരസഭയുടെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി വയോജനങ്ങള്‍ക്കായുള്ള കട്ടിലിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വീടും ഭൂമിയും ലഭ്യമാക്കുന്നതിനൊപ്പം ആവശ്യമായ മറ്റു സഹായങ്ങളും നല്‍കിയാണ് സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. ഭരണഘടനാദത്തമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നുമുണ്ട്. അവശ്യഘട്ടങ്ങളില്‍ പ്രയോജനപ്പെടുന്ന പദ്ധതികളാവിഷ്‌കരിക്കുന്നതിലൂടെ പരമാവധി പിന്തുണ നല്‍കാനാകുന്നുവെന്നും മന്ത്രി പറഞ്ഞു. നഗരസഭയുടെ പരിധിയില്‍ വരുന്ന 35 വാര്‍ഡുകളിലെ 156 പട്ടികജാതിക്കാരായ വയോജനങ്ങള്‍ക്കാണ് സൗജന്യമായി കട്ടില്‍ വിതരണം ചെയ്തത്.  പ്ലാസ്റ്റിക് രഹിത പട്ടണത്തിനായി നഗരസഭയുടെ പേര് പതിപ്പിച്ച 500 തുണിസഞ്ചികളും വിതരണം ചെയ്തു. സ്‌കൂളുകള്‍ക്കായുള്ള നാപ്കിന്‍ ഡിസ്‌ട്രോയര്‍  മന്ത്രിയില്‍ നിന്നും പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റുവാങ്ങി. പതിനാറോളം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നാപ്കിന്‍ ഡിസ്‌ട്രോയെര്‍ നല്‍കും.
പുനലൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ. രാജശേഖരന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ മുഖ്യപ്രഭാഷണം നടത്തി.  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ജി. രേണുകാദേവി നന്ദി പറഞ്ഞു.