ഹരിതചട്ടം പാലിച്ച് തദ്ദേശതെരഞ്ഞെടുപ്പ്; 'ഹരിതചട്ട പാലനം' കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

post

പത്തനംതിട്ട: തദ്ദേശഭരണ തെരെഞ്ഞെടുപ്പിനെ ഹരിത തെരഞ്ഞെടുപ്പ് ആക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന 'ചരിതട്ടം പാലനം' കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ്  നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ കൈപ്പുസ്തകം ഏറ്റുവാങ്ങി. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് കൈപ്പുസ്തം പുറതത്തിറക്കിയത്.

പ്രചാരണത്തില്‍ ഹരിതചട്ടം പാലനം ഫലപ്രദമായി നടത്തുന്നതിനുളള മാര്‍ഗങ്ങള്‍, തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും കൗണ്ടറുകളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെല്ലാം ചോദ്യോത്തര രൂപേണയാണ് കൈപ്പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലും വരണാധികാരികളുടെ ഓഫീസുകളിലും പുസ്തകങ്ങള്‍ എത്തിച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഉപയോഗിച്ചാല്‍ സംസ്ഥാനത്താകെ രൂപപ്പെടാന്‍ സാധ്യതയുളള ഏകദേശ മാലിന്യത്തിന്റെ അളവ് 5776 ടണ്‍ ആണ്. തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കള്‍ അടങ്ങുന്ന എല്ലാത്തരം ബാനറുകളും ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒഴിവാക്കണമെന്നും പകരം കോട്ടണ്‍ തുണി, പേപ്പര്‍, ലോഹങ്ങളില്‍ നിര്‍മ്മിതമായ ബോര്‍ഡുകള്‍, മുള, ഈറ, പനമ്പായ, പാള മുതലായവ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡിസ്‌പോസബിള്‍ വസ്തുക്കള്‍, പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് തോരണങ്ങള്‍, തെര്‍മോക്കോള്‍ ഉപയോഗിക്കുന്ന ആര്‍ച്ചുകള്‍, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാരവസ്തുക്കള്‍, സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹാരങ്ങള്‍ എന്നിവയാണ് ഹരിതചട്ട പാലനത്തിന്റെ ഭാഗമായി പ്രധാനമായും ഒഴിവാക്കേണ്ടവ. വാട്ടര്‍ ക്യാനുകള്‍, സ്റ്റീല്‍ കുപ്പികള്‍, ചില്ല് ഗ്ലാസുകള്‍, തുണി/ പേപ്പര്‍ തോരണങ്ങള്‍, തുണിയില്‍ എഴുതിയ ആര്‍ച്ചുകള്‍, വാഴയിലയില്‍ പൊതിഞ്ഞ് വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പൂക്കളിലുളള ഹാരങ്ങള്‍, കോട്ടന്‍ നൂല്‍ തോര്‍ത്ത് എന്നിവ പകരമായി ഉപയാഗിക്കാം.

കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ നിശ്ചിത ഇടവേളകളില്‍ ഓഫീസുകള്‍ അണുവിമുക്തമാക്കുന്നതിന് ഹരിതകര്‍മ്മസേന യൂണിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം.

തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഹരിതകേരളം, ശുചിത്വ മിഷന്‍ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 9188120323, 9809016597