പ്രചാരണങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍

post

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി.

സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നയപരിപാടികളെക്കുറിച്ച് മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.

സ്ഥാനാര്‍ത്ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പടെ എത്ര വാഹനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം ഇത് തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരുന്നതുമാണ്. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റില്‍ വാഹന നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പെര്‍മിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെര്‍മിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങള്‍ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാന്‍ പാടില്ല.

സുരക്ഷാ അധികാരികളും ഇന്റലിജന്‍സ് ഏജന്‍സികളും നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കാം. സുരക്ഷാ അധികാരികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പകരം വാഹനമായി ഒന്നില്‍ കൂടുതല്‍ വാഹങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇപ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ചെലവ് അതാത് വ്യക്തികള്‍ വഹിക്കേണ്ടതാണ്. പൈലറ്റ് വാഹനവും എസ്‌കോട്ട് വാഹനവും ഉള്‍പ്പടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികള്‍ അനുവദിച്ചിട്ടുള്ളവയില്‍ കൂടാന്‍ പാടാല്ല. സര്‍ക്കാര്‍ വാഹനങ്ങളായിരുന്നാലും വാടക വാഹനങ്ങളായിരുന്നാലും അതിന്റെ ചെലവ് അതാത് വ്യക്തികള്‍ വഹിക്കേണ്ടതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍ എയ്ഡഡ്) അവയുടെ കല്‍സ്ഥലേമോ രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കാന്‍ പാടില്ല. ആരാധനാലയങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. പൊതുസ്ഥലത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങേണ്ടേതാണ്. ഇത് വരണാധികാരിയുടേയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം. പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ളക്സ് എന്നിവ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.

സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ, ചിഹ്നം ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് എന്നിവ ഉപയോഗിക്കാം. ഇവയുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം. വോട്ടര്‍മാരെ സ്വാധീനിക്കാനായി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണ്.പ്രസാധകന്റേയും അച്ചടി സ്ഥാപനത്തിന്റേയും പേര്, വിലാസം, കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ചേ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാവു. ഇതിന്റെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കേണ്ടതാണ്. പ്രചാരണത്തിനായി സിനിമ, ടെലിവിഷന്‍, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവ ഉപയോഗിക്കാം. എന്നാല്‍ പൊതുപ്രചാരണം അവസാനിച്ച ശേഷം ഇവയിലൂടെയുള്ള പ്രചാരണം പാടില്ല. തിരഞ്ഞൈടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധം എസ്.എം.എസ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം എന്നിവ പാടില്ല.

രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ലിപ്പുകള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കേണ്ടതും വോട്ടറുടെ പേര് , സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍, പോളിംഗ് സ്റ്റേഷന്റെ പേര് എന്നിവ മാത്രം രേഖപ്പെടുത്തിയതുമാകണം. വോട്ടര്‍മാരുടെ ബോധവത്കരണത്തിനായി ഉപയോഗിക്കുന്ന ഡമ്മി ബാലറ്റ് യൂണിറ്റുകള്‍ യഥാര്‍ത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവൂഡിലോ നിര്‍മ്മിച്ചതായിരിക്കണം. ഇത് യഥാര്‍ത്ഥ ബാലറ്റ് യൂണിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലോ താല്‍ക്കാലിക ഓഫീസ് സ്ഥാപിക്കാന്‍ പാടില്ല.