അമിത വണ്ണം കുറയ്ക്കാം: ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രത്യേക ക്ലിനിക്

post

തൃശൂര്‍:  ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി അമിത വണ്ണം കുറക്കുന്നതിന് പ്രത്യേക ക്ലിനിക്ക് ചാവക്കാട് താലൂക്കാശുപത്രിയില്‍ ആരംഭിച്ചു. ചാവക്കാട് നഗരസഭ 2019 -20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ നിന്നും 1.25 ലക്ഷം ചിലവഴിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അമിത വണ്ണ ചികിത്സക്കായുള്ള ക്ലിനിക്ക് യാഥാര്‍ത്ഥ്യമാക്കിയത്. നഗരസഭയുടെ ആഭിമുഖ്യത്തില്‍ താലൂക്കാശുപത്രി ഫിസിയോതെറാപ്പി യൂണിറ്റിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. എക്ലിപ്സര്‍, ട്രെഡ് മില്‍, സ്റ്റെപ് ക്ലൈംബര്‍, അബ്ഡൊമിനല്‍ ബോര്‍ഡ് തുടങ്ങി വ്യായാമത്തിനുള്ള വിവിധ ഉപകരണങ്ങളും ക്ലിനിക്കിലുണ്ട്.
നഗരസഭാ ചെയര്‍മാന്‍ എന്‍. കെ. അക്ബര്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.എ മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.ബി രാജലക്ഷ്മി, കൗണ്‍സിലര്‍മാരായ കാര്‍ത്ത്യായനി ടീച്ചര്‍, ശാന്ത സുബ്രഹ്മണ്യന്‍, ഹസീന സലീം, പി. പി നാരായണന്‍, ബുഷറ ലത്തീഫ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ശ്രീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി അജയ് കുമാര്‍, നഴ്‌സിങ് സൂപ്രണ്ട് ചേച്ചമ്മ, ഫിസിയോ തെറാപ്പിസ്റ്റ് രാഖി അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.