തദ്ദേശ പൊതുതെരഞ്ഞെടുപ്പ് 2020: വാഹന പര്യടനത്തിലും പെരുമാറ്റച്ചട്ടം മറക്കരുത്

post

പത്തനംതിട്ട: പ്രചാരണ വാഹനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധം, കൈമാറ്റവും പാടില്ല ഉച്ചഭാഷണിക്കും അനുമതി വേണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ പ്രത്യേക ശ്രദ്ധവയ്ക്കണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതതു റിട്ടേണിംഗ് ഓഫിസര്‍മാരില്‍നിന്നുള്ള അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം.

റിട്ടേണിംഗ് ഓഫിസര്‍ നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്തു പ്രദര്‍ശിപ്പിക്കണം.  ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കരുത്.  പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിച്ചാല്‍ നടപടിയെടുക്കും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം വാഹന പ്രചാരണം. 

പ്രചാരണത്തിനായി ഉച്ചഭാഷണി ഉപയോഗിക്കുമ്പോള്‍ പൊലിസില്‍നിന്ന് അനുമതി വാങ്ങണം.  രാത്രി 10 മുതല്‍ രാവിലെ ആറു വരെയുള്ള സമയം ഉച്ചഭാഷണി പാടില്ല.  

സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുവരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം.  ഇത് അതതു വരണാധികാരിയുടേയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്നു ദിവസത്തിനകം ഹാജരാക്കണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവയുടെ കളിസ്ഥലമോ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല.  പൊതുസ്ഥലത്തു പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം.