തദ്ദേശ തെരഞ്ഞെടുപ്പിലെ ഹരിതചട്ടപാലനം ;പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

post

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രചാരണം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള പരിപാടികള്‍  ഹരിതചട്ടം പാലിച്ച് നടപ്പിലാക്കും. ഇതുസംബന്ധിച്ച ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി എസ് സ്വര്‍ണ്ണമ്മയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

ശുചിത്വ മിഷന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ തിരഞ്ഞെടുപ്പില്‍  ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമ്പോള്‍,  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടന്‍ തുണി, പേപ്പര്‍ തുടങ്ങി പുനചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് വേണം നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണം. പ്ലാസ്റ്റിക്, പിവിസി മുതലായ വസ്തുക്കള്‍ ഉപയോഗിക്കരുത് പകരം  കോട്ടണ്‍ തുണി, പേപ്പര്‍, പായ, ഓല, കയര്‍, മുള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. പ്രചാരണത്തിനും അലങ്കാരത്തിനുമായും ഉപയോഗിക്കുന്ന കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്, പിവിസി മുക്തമാക്കണം. കുടുംബശ്രീ സംവിധാനമുപയോഗിച്ച് പ്രകൃതിസൗഹൃദ ബാഗുകള്‍ വിതരണം ചെയ്യണം.പോളിങ് സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍ മുതലായവ കയറ്റുവാന്‍ അനുവദിക്കരുത്. വോട്ടിംങിനു ശേഷം വിതരണകേന്ദ്രങ്ങളില്‍ മിച്ചം വരുന്ന പോളിങ് സ്ലിപ്പുകള്‍ പഞ്ചായത്തുതലത്തില്‍ ഹരിതകര്‍മ സേനയുടെ സഹായത്തോടെ നീക്കം ചെയ്യണം. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഉപയോഗത്തിനായി ഒരു പ്ലേറ്റ്, ഗ്ലാസ് എന്നിവ കൊണ്ടുവരാന്‍ ശ്രദ്ധിക്കണമെന്നും ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ എസ് രാജേഷ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സാധാരണഗതിയില്‍ ആരോഗ്യവകുപ്പിന്റെ സഹായം വേണ്ടിവരാറില്ലെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍, ജനസാന്ദ്രതയേറെയുള്ള ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും വളരെയേറെ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡെപ്യൂട്ടി ഡി എം ഓ ഡോ. ദീപ്തി പറഞ്ഞു. ഏതെങ്കിലും രോഗമുള്ളവരെ പ്രചാരണത്തിനിറങ്ങാന്‍ അനുവദിക്കരുത്. തിരഞ്ഞെടുപ്പില്‍ മൂന്ന് 'സി' കള്‍, കോണ്‍ടാക്ട്, ക്ലോസ്ഡ് സ്‌പേസ്, ക്രൌഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ആരോഗ്യവകുപ്പിന്റെ കൂടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതു ഉറപ്പ് വരുത്തുവാന്‍ സാധിക്കുകയെന്നും ആരോഗ്യവകുപ്പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്കും അവരുടെ കൂടെ പ്രചാരണത്തിന് ഇറങ്ങുന്ന സ്‌ക്വാഡ് അംഗങ്ങള്‍ക്കും ഇതു ഓര്‍മ്മപ്പെടുത്താന്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുമെന്നും ഡെപ്യൂട്ടി ഡി എം ഓ ഡോ. ദീപ്തി പറഞ്ഞു. യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.വി ജയകുമാരി,വിവിധ സ്റ്റേഷന്‍ ഹൗസ് ഓഫീസേഴ്‌സ് എന്നിവര്‍ സന്നിഹിതരായി