തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന നടപടി ആരംഭിച്ചു

post

ഇടുക്കി: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനു ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ www.edrop.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഡാറ്റ എന്‍ട്രി നടത്തേണ്ടത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപന മേധാവികള്‍ നേരിട്ടാണ് അവരുടെ ജീവനക്കാരുടെ വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍  എന്‍ട്രി ചെയ്യേണ്ടത്. സ്ഥാപന മേധാവികള്‍ക്ക് ഡാറ്റ എന്‍ട്രി നടത്താനുളള യൂസര്‍ ഐഡി, പാസ്സ് വേര്‍ഡ് എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. ഇത് ലഭിക്കാത്ത സ്ഥാപന മേധാവികള്‍ അതത് തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ യൂസര്‍ ഐഡി, പാസ്സ് വേര്‍ഡ്  എന്നിവ ശേഖരിക്കേണ്ടതാണ്. ഇ-ഡ്രോപ്പുമായി  ബന്ധപ്പെട്ട സംശയ ദുരീകരണത്തിനും ഡാറ്റ എന്‍ട്രി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും കുറ്റമറ്റ ഡാറ്റ തയ്യാറാക്കുന്നതിനുമായി ഇടുക്കി ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി എന്നിവ കേന്ദ്രീകരിച്ച് നോഡല്‍ ഓഫീസര്‍മാരെ  നിയമിച്ചിട്ടുണ്ട്. എല്ലാ സ്ഥാപന മേധാവികളും ഡാറ്റ എന്‍ട്രി ജോലികള്‍ നവംബര്‍ 18നുളളില്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തുന്ന സ്ഥാപന മേധാവിക്കെതിരെ തിരഞ്ഞെടുപ്പ് നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍  എച്ച്. ദിനേശന്‍ അറിയിച്ചു.