അനാഥമാക്കപ്പെടുന്ന ചരിത്രങ്ങളെ സംരക്ഷിക്കുക സര്‍ക്കാര്‍ ലക്ഷ്യം

post

കണ്ണൂര്‍: അനാഥമാക്കപ്പെടുന്ന ചരിത്രങ്ങളെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഗാന്ധി സ്മൃതി മ്യൂസിയവുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ മ്യൂസിയം ശില്‍പ്പശാലയും സര്‍വ്വെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഗാന്ധിനിന്ദ വ്യാപകമാകുന്ന കാലഘട്ടത്തില്‍ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ വാര്‍ഷികം വിപുലമായി ആഘോഷിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി മ്യൂസിയം ഒരുക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് മ്യൂസിയം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ എല്ലാം അന്താരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് തീമാറ്റിക്ക് മ്യൂസിയങ്ങളായി പരിവര്‍ത്തനപ്പെടുത്തുകയാണ്. ഈ രീതിയില്‍ തന്നെയാവും ഗാന്ധിസ് മൃതി മ്യൂസിയം, തെയ്യം മ്യൂസിയം, കൈത്തറി മ്യൂസിയം തുടങ്ങി ആറോളം മ്യൂസിയങ്ങള്‍ സജീകരിക്കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പയ്യന്നൂര്‍ ആനന്ദാശ്രമത്തില്‍ നടന്ന ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അദ്ധ്യക്ഷനായി. കേരള മ്യൂസിയം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ് അബു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ ആര്‍ സോന, പുരാവസ്തു വകുപ്പ് ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര്‍ രാജേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി വി രജിത, കെ പി മധു, പി രാജന്‍, കെ ടി സഹദുള്ള, എം രാമകൃഷ്ണന്‍, എ വി തമ്പാന്‍, പി വി ദാസന്‍, കെ കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ശില്‍പ്പശാലയും നടന്നു. 

പദ്ധതിക്കായി തയ്യാറാക്കിയ ഡി പി ആര്‍ പ്രകാരം ഉപ്പു സത്യഗ്രഹ ഭൂമിയായ ഉളിയത്ത് കടവ്, ഖാദി കേന്ദ്രം, ആനന്ദാശ്രമം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒന്നാം ഘട്ടമെന്ന നിലയില്‍ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ മ്യൂസിയത്തിനായാണ് ഈ വര്‍ഷം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2. 44 കോടി രൂപയുടെ ഭരണാനുമതി ഇതിന് ലഭിച്ചു.