തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

post

വയനാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്ന് (നവംബര്‍ 12) മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. അതത് തദ്ദേശ സ്ഥാപനത്തിന്റെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ 2 എ ഫോമും പൂരിപ്പിച്ച് നല്‍കണം്. ഓരോ ദിവസവും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളുടെ പട്ടികയോടൊപ്പം 2 എ ഫോമും വരണാധികാരികള്‍ പ്രസിദ്ധപ്പെടുത്തും. ഒരു തദ്ദേശസ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കുകയും പത്രികസമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയാകുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ ആയിരിക്കണം.

സംവരണ വാര്‍ഡില്‍ മത്സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ പാടില്ല. ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.

പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും ജില്ലാപഞ്ചായത്തിന് 3000 രൂപയുമാണ്

അടയ്‌ക്കേണ്ടത്. പട്ടികജാതി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശ സ്ഥാപനത്തിലോ ഒടുക്കിയ രസീതോ ക്യാഷായോ നല്‍കാവുന്നതാണ്.

പത്രികാ സമര്‍പ്പണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയോ നിര്‍ദ്ദേശകനോ ഉള്‍പ്പടെ 3 പേരില്‍ കൂടാന്‍ പാടില്ല.

 നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രം.

ന്മ സ്ഥാനാര്‍ത്ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ പാടില്ല.

· നോമിനേഷന്‍ സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.

· നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം.

 ഒരു സമയം ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതിന് . വരുന്ന പക്ഷം മറ്റുള്ളവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് വേറെ ഹാളില്‍ സൗകര്യം ഒരുക്കും.

· വരണാധികാരി, ഉപ വരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയില്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കണം.

· ഓരോ സ്ഥാനാര്‍ത്ഥിയുടെയും നോമിനേഷന്‍ സ്വീകരിച്ചതിന് ശേഷം വരണാധികാരി, ഉപവരണാധികാരി സാനിറ്റൈസര്‍ ഉപയോഗിക്കണം.

· കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്. വരണാധികാരികള്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.

· സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം നിരീക്ഷണത്തില്‍ ആണെങ്കിലോ നാമനിര്‍ദേശ പത്രിക നിര്‍ദേശകന്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്.