തദ്ദേശ തെരെഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി

post

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ അറിയിച്ചു. നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കുള്ള ക്ലാസുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നഗരസഭകളിലേയ്ക്കും ഗ്രാമ പഞ്ചായത്തുകളിലേയ്ക്കുമുള്ള നോമിനേഷന്‍ ഫോറങ്ങളുടെയും തെരെഞ്ഞെടുപ്പ് അനുബന്ധ രേഖകളുടെയും  വിതരണവും കഴിഞ്ഞു. നഗരസഭ - ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ മേല്‍നോട്ടത്തിലാണ് വിതരണം നടന്നത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് മള്‍ട്ടിപ്പിള്‍ പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും നഗരസഭകളിലേക്ക് സിംഗിള്‍ പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്.