തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രികകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം

post

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രികകള്‍ നാളെ (നവംബര്‍ 12) മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. നവംബര്‍ 20ന് സൂക്ഷ്മ പരിശോധന നടത്തും.  പത്രികകള്‍ നവംബര്‍ 23 വരെ പിന്‍വലിക്കാം. കോവിഡ് സാഹചര്യത്തില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മൂന്നു പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല. വീടുകള്‍ കയറിയുള്ള പ്രചരണത്തിന് അഞ്ച് പേരില്‍ കൂടുതല്‍ ആവരുത്.  നാമനിര്‍ദ്ദേശ പത്രികകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് അവരുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് ആകുകയാണെങ്കില്‍ പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ലാ കലക്ടര്‍ നിര്‍ദ്ദശം നല്‍കി.

പുതുക്കിയ വോട്ടര്‍പട്ടിക ഇന്ന്(നവംബര്‍ 11) പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നല്‍കിയ അപ്പീലുകള്‍ മാത്രമാണ് ഇനി പരിഗണിക്കുക. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പഴയ ഭരണ സമിതിയുടെ പരസ്യങ്ങള്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണം. പുതിയ പദ്ധതികള്‍ ആരംഭിക്കാനാവില്ല. എന്നാല്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തുടരുകയും പൂര്‍ത്തിയായ പ്രവൃത്തികള്‍ക്കുള്ള പണം അനുവദിക്കുകയും ചെയ്യാം.  തിരഞ്ഞെടുപ്പ് പ്രചരണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കണം. മണ്ണില്‍ ലയിച്ചു ചേരുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള സാമഗ്രികള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു. പോളിംഗ് ബൂത്തുകളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേകം ക്യാരിബാഗുകള്‍ തയ്യാറാക്കുകയും തിരഞ്ഞെടുപ്പിന് ശേഷം ഇവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും ചെയ്യണം. തിരഞ്ഞെടുപ്പ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കല്കട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.കെ.രമ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: അപേക്ഷ നിരസിച്ചാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം

സമ്മതിദായക പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ (സമ്മര്‍ റിവിഷന്‍) ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സമയ വിവര പട്ടികയുടെ കാലയളവിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഒരു വ്യക്തി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ) മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷ  നിരസിച്ചാല്‍ അതിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. അപ്പീല്‍, അപ്പീല്‍വാദി ഒപ്പുവെച്ച ഒരു മെമ്മോറാണ്ടത്തിന്റെ രൂപത്തിലായിരിക്കണം. അപ്പീല്‍ ബോധിപ്പിക്കുന്ന ഉത്തരവിന്റെ പകര്‍പ്പ്, 10 രൂപ ഫീസ് എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കണം. ഫീസ് നോണ്‍ജുഡീഷ്യല്‍ സ്റ്റാമ്പുകളായോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന രീതിയിലോ ആണ് നല്‍കേണ്ടത്. ഫീസ് കൊടുത്തതിന് തെളിവായി ഉദ്യോഗസ്ഥന്‍ നല്‍കിയ രസീത് അപ്പീലിനൊപ്പം വെക്കണം. ഉത്തരവ് നിരസിച്ച തിയ്യതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നേരിട്ടോ രജിസ്റ്റേര്‍ഡായോ അപ്പലേറ്റ് അധികാരി (ജില്ലാ കലക്ടര്‍) ക്ക് സമര്‍പ്പിക്കേണ്ടത്. അപ്പീല്‍വാദിയുടെ സമ്മതിദായകനാവാനുള്ള അവകാശവാദം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ജില്ലാ കലക്ടര്‍ ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍  ഇ.ആര്‍.ഒ വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതാണ്. ഇപ്രകാരമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ നവംബര്‍ 19 വരെ നടത്താവുന്നതാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സമയ വിവര പട്ടികയുടെ കാലയളവിനുള്ളില്‍ നല്‍കുന്ന അപേക്ഷ നിരസിച്ചാല്‍ മാത്രമേ അപ്പീല്‍ നല്‍കാന്‍ സാധിക്കുകയുള്ളു.

തദ്ദേശ തിരഞ്ഞെടുപ്പ്:  മാതൃകാ പെരുമാറ്റ സംഹിത

യോഗങ്ങള്‍

1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

2. മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് സഹായം തേടേണ്ടതാണ്. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്‌തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയ കക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു കക്ഷിജാഥ നടത്താന്‍ പാടില്ല. ഒരു കക്ഷിയുടെ ചുവര്‍ പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

3. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലില്ലെന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതാണ്. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് അനുമതി നേടേണ്ടതാണ്.

4. പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസംവരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപന തിയ്യതി മുതല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന തിയ്യതി വരെ ആ നിയോജക മണ്ഡലത്തിലോ വാര്‍ഡിലോ നടത്തുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇതു ബാധകമാണ്.

5.യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ കാലേകൂട്ടി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദം വാങ്ങേണ്ടതാണ്.

6. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ അപ്രകാരം യോഗങ്ങള്‍ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കേണ്ടതാണ്. ഇത്തരം യോഗങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചരണ സാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യേണ്ടതാണ്.

7. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

ജാഥകള്‍

ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം.