തദ്ദേശ തിരഞ്ഞെടുപ്പ് : 12 മുതല്‍ 19 വരെ പത്രികാ സമര്‍പ്പണം; 20 ന് സൂക്ഷ്മ പരിശോധന

post

ഇടുക്കി: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിനുള്ളനാമനിര്‍ദ്ദേശ പത്രികകള്‍ അനുബന്ധ ഫോറങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവയുടെ വിതരണം ഇടുക്കി കളക്ടറേറ്റില്‍ ആരംഭിച്ചു. ഓരോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരുമാണ് ഇവ ഏറ്റെടുക്കുന്നത്. ഇത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ വരണാധികള്‍ക്കും സഹവരണാധികള്‍ക്കും കൈമാറും. നോമിനേഷന്‍ ഫാറവും 2 എ ഫാറവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. നവം.12 ന് വരണാധികാരികള്‍ ഓരോ തദ്ദേശ സ്ഥാപനത്തിനും ഓരോ വാര്‍ഡിനുമുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികള്‍ക്ക്വരണാധികാരിമുന്‍പാകെയൊ അധികാരപ്പെടുത്തിയിട്ടുള്ള സഹ വരണാധികാരി മുന്‍പാകെയൊ പത്രിക സമര്‍പ്പിക്കാം. തിരക്ക് ഒഴിവാക്കുന്നതിനായി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രികകള്‍ സ്വീകരിക്കുന്നത്. നവം.19 ആണ് പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.സൂക്ഷ്മ പരിശോധന നടക്കുന്ന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസം.16 ന് രാവിലെ 8 മണിക്ക് ആരംഭിക്കും.