കിന്‍ഫ്രയില്‍ സ്ഥലം കിട്ടിയാലുടന്‍ ചെറുകിട ഇടത്തരം വ്യവസായം തുടങ്ങാം: മന്ത്രി ഇ.പി. ജയരാജന്‍

post

തൃശൂര്‍ : 10 കോടി രൂപ ചെലവിലുള്ള സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായം (എം.എസ്.എം.ഇ) വ്യവസായം കിന്‍്രഫ്ര പാര്‍ക്കില്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചു കിട്ടിയാല്‍ മാത്രം മതിയെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. കൊരട്ടിയിലെ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) വ്യവസായ പാര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ബഹുനില കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കിന്‍്ഫ്ര പാര്‍ക്കില്‍ എം.എസ്.എം.ഇ വ്യവസായം തുടങ്ങാന്‍ ഒരു ലൈസന്‍സിനും പോവേണ്ട. ഒരു പഞ്ചായത്തിലും കോര്‍പറേഷനിലും പോവേണ്ട. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കെട്ടിടം നിര്‍മ്മിച്ച് യന്ത്രങ്ങള്‍ ഘടിപ്പിച്ചുകൊള്ളൂ. ഒരു കെട്ടിട നമ്പറും വേണ്ട, പണം അടച്ചാല്‍ കെ.എസ്.ഇ.ബിയില്‍ പോയാല്‍ വൈദ്യുതി കണക്ഷന്‍ കിട്ടും. ലൈസന്‍സ് വേഗം ലഭിക്കാന്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും മാറ്റി. സംരംഭങ്ങള്‍ ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍, ആറ് മാസത്തിനകം വ്യവസായം തുടങ്ങാനുള്ള അനുവാദങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സര്‍ക്കാറിന് സമര്‍പ്പിച്ചാല്‍ മതി.
 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ റെഡ് സോണിലും ഡാറ്റാ ബാങ്കില്‍പ്പെട്ട ഭൂമിയിലും തദ്ദേശ സ്ഥാപനങ്ങള്‍ വ്യവസായത്തിനായി വിജ്ഞാപനം ചെയ്ത ഭൂമിയിലും വ്യവസായം തുടങ്ങരുതെന്ന് മാത്രം. ബാക്കി ഏത് സ്ഥലത്തും വ്യവസായം തുടങ്ങാം. അതുപോലെ, വെടിമരുന്ന് ഉല്‍പാദനം പോലെ റെഡ് കാറ്റഗറിയില്‍പ്പെട്ട വ്യവസായവും തുടങ്ങരുത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 54000ല്‍പരം എം.എസ്.എം.ഇ യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിലെല്ലാം കൂടി അയ്യായിരം കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ വന്നു. 1,85,000 പേര്‍ക്ക് തൊഴില്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. കൊരട്ടി കിന്‍ഫ്രയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊരട്ടി ഇന്ത്യാ ഗവണ്മെന്റ് പ്രസിന്റെ 100 ഏക്കര്‍ സ്ഥലം കിന്‍ഫ്രയ്ക്കായി ലഭിക്കുമെങ്കില്‍ ഏറ്റെടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി വിമാനത്താവളത്തിന് സമീപമായതിനാല്‍ കൊരട്ടിയില്‍ ഐ.ടി പാര്‍ക്കുകള്‍ക്ക് സാധ്യത കൂടുതലാണ്. ഇത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 69403.86 ചതുരശ്ര അടിയിലായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ഏഴ് യൂണിറ്റുകള്‍ക്ക് സ്ഥലം അലോട്ട് ചെയ്യുന്നതിനുള്ള അനുമതിയായിട്ടുണ്ട്. ഇതിന്റെ അനുമതി പത്രം ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി വ്യവസായികള്‍ക്ക് കൈമാറി. കെട്ടിടത്തിന്റെ ആകെ നിര്‍മ്മാണചെലവ് 11.50 കോടിയാണ്. വെദ്യുതി, ശുദ്ധജല വിതരണ സംവിധാനവും അഗ്‌നിശമന, ലിഫ്റ്റ്, സെക്യൂരിറ്റി സംവിധാനങ്ങളും ഉള്‍പ്പെടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കിന്‍ഫ്ര ഇവിടെ ഒരുക്കിയിട്ടുണ്ട്. 300 പേര്‍ക്ക് നേരിട്ടും ആയിരത്തോളം പേര്‍ക്ക് നേരിട്ടില്ലാതെയും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചടങ്ങില്‍ ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍, വൈസ് പ്രസിഡന്റ് കെ.പി. തോമസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആര്‍ സുമേഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.എ.ഗ്രേയ്‌സി, കൊരട്ടി കിന്‍ഫ്ര മാനുഫാക്ചര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംബന്ധിച്ചു. കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് സ്വാഗതവും ടെക്‌നിക്കല്‍ മാനേജര്‍ ടി ബി അമ്പിളി നന്ദിയും പറഞ്ഞു.