ആരോഗ്യമേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു : മന്ത്രി കെ കെ ശൈലജ

post

ആലപ്പുഴ: ആരോഗ്യമേഖലയില്‍ വലിയ  രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ  പറഞ്ഞു ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ  ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ  നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആരോഗ്യ  മേഖലയില്‍ വലിയൊരു മാറ്റം എന്ന  ലക്ഷ്യത്തോടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ശ്വാസ് ക്ലിനിക്ക്, ആശ്വാസ് ക്ലിനിക്കുകള്‍, ക്യാന്‍സര്‍ ഡിക്റ്റക്ഷന്‍, വ്യായാമ മുറി, പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനുള്ള മുറികള്‍, ശുചിമുറികള്‍, ആധുനിക രീതിയിലുള്ള കട്ടിലുകള്‍, പ്രീ ചെക്ക് അപ്പ് ഏരിയ, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി രോഗീസൗഹൃദ ഹൈടെക്ക് കേന്ദ്രങ്ങളായി ആശുപത്രികളെ മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ ജനകീയ സംരംഭമാക്കിമാറ്റി ഈ നേട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും  കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറി കഴിഞ്ഞു. കിഫ്ബി വഴി 100 കോടി രൂപ വകയിരുത്തിയാണ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്, നിലവിലെ പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 62 കോടി രൂപ അനുവദിച്ച് കഴിഞ്ഞുവെന്നും  മന്ത്രി പറഞ്ഞു. 

കിഫ്ബി വഴി 100കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോട് കൂടി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് . രണ്ട് ഘട്ടങ്ങളായി രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.

 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ  ആദ്യ ഭാഗമായി 62 കോടിയുടെ ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്യും . ഇതോടെ എല്ലാ ചികിത്സ വിഭാഗങ്ങളും ആധുനിക ചികത്സ സൗകര്യങ്ങളോടു കൂടി സജ്ജമാക്കാന്‍ കഴിയും.പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളില്‍ ഒന്നായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി മാറും. 

സജി ചെറിയാന്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു, കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി മാത്യു, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് വി വേണു, ജെബിന്‍. പി. വര്‍ഗീസ്, ജോജി ചെറിയാന്‍, ജേക്കബ് ഉമ്മന്‍ , ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഷിബു രാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.