വീണ്ടും ചരിത്രം സൃഷ്ടിച്ച് ദേവസ്വം വകുപ്പ്; പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാര്‍ കൂടി

post

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് കൂടി നിയമനശുപാര്‍ശ ഉടന്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 18 പേര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കുമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് മുഖേന നിയമനം ലഭിക്കുക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും  ഒരാളെ ദേവസ്വം ബോര്‍ഡില്‍ ശാന്തിയായി നിയമിക്കുന്നത്.

 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് 2017 ആഗസ്റ്റ് 23ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ 310 പേരെ നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ അന്നത്തെ പരീക്ഷയിലേക്ക്  പട്ടികജാതി,പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മതിയായ അപേക്ഷകര്‍ ഇല്ലാതിരുന്നതിനാല്‍ ആ കുറവ് നികത്തുന്നതിനു വേണ്ടി പട്ടികജാതി വിഭാഗത്തിനും പട്ടികവര്‍ഗ്ഗ വിഭാഗത്തിനും വേണ്ടി പ്രത്യേകം വിജ്ഞാപനം ചെയ്തതത് പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റ്റാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. നാലു ഒഴിവുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനായി ഉണ്ടായിരുന്നെങ്കിലും ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുനസംഘടിപ്പിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികളിലേക്കായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ നിന്നും 474 ഉദ്യോഗാര്‍ത്ഥികളെയും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ നിന്നും 325 ഉദ്യോഗാര്‍ത്ഥികളെയും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് 16 ഉദ്യോഗാര്‍ത്ഥികളെയും നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്നു ദേവസ്വം ബോര്‍ഡുകളിലേക്കുമായി ആകെ 815 ഉദ്യോഗാര്‍ത്ഥികളെ ഇതുവരെ നിയമനത്തിനായി തിരഞ്ഞെടുത്തു.