വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍

post

പത്തനംതിട്ട : സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുമോ എന്ന രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കി അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളുടെ വര്‍ധനവാണ് ഉണ്ടായത്. മികച്ച ഭൗതിക സൗകര്യമാണ് വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. അതിനാലാണ് വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വികസനം ഉറപ്പാക്കാനും അക്കാദമിക് തലത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനും സാധിച്ചത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് മികച്ച പൊതുജനപങ്കാളിത്തമാണ് ലഭിച്ചത്. പുതിയ വിദ്യാഭ്യാസ അന്തരീക്ഷം വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അതിനായി അധ്യാപരുടെ മികച്ച സഹകരണം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ജില്ലയിലെ നാല് സ്‌കൂള്‍ കെട്ടിടങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അച്ചൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പനങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടങ്ങള്‍ ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ അച്ചൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എന്‍. വിമല, ഡി.ഡി.ഇ കെ.വി. ലീല, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അബ്ദുള്‍ അസീസ്, അച്ചൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി. അബ്ദുള്‍ ബഷീര്‍, ഹെഡ്മാസ്റ്റര്‍ സി.എം. ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍. പ്രഭാകരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം മേഴ്‌സി ബെന്നി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.ജെ. തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.എന്‍. ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിന്‍സി സണ്ണി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.