നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി കെ രാജു

post

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലായി  നിരവധി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. പുനലൂര്‍ നഗരസഭയില്‍ ആരംഭിച്ച കുടുംബശ്രീ ബസാര്‍ ഹോം ഷോപ്പി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീ മിഷന്റെ സഹായത്തോടെ ധാരാളം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. പുനലൂര്‍ പട്ടണത്തില്‍ ആരംഭിച്ചിട്ടുള്ള കുടുംബശ്രീ ബസാര്‍ ഹോം ഷോപ്പി വനിതകള്‍ക്ക് വരുമാനം ലഭ്യമാക്കുന്നതിന് ഒരു മുതല്‍ക്കൂട്ടാകും. കൂടാതെ സുഭിക്ഷ കേരളം പദ്ധതി മുഖേനയും കാര്‍ഷിക-ക്ഷീര മേഖലകളില്‍ ധാരാളം തൊഴിലുകള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമായ 10 ലക്ഷം രൂപയും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി നഗരസഭയില്‍ നിന്നുമുള്ള 10 ലക്ഷം രൂപയും ഉള്‍പ്പെടെ 20 ലക്ഷം രൂപ  ചെലവഴിച്ചാണ് കുടുംബശ്രീ ബസാര്‍ ആരംഭിച്ചത്. വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍,  സ്റ്റേഷനറീസ്, സോപ്പ്, ലോഷന്‍ തുടങ്ങിയവയെല്ലാം ഇവിടെ നിന്നും ലഭ്യമാകും. ഹാബിറ്റാറ്റ് ഗ്രൂപ്പിനായിരുന്നു നിര്‍വഹണ ചുമതല.