ഹൈടെക് പരിശോധനയ്ക്കായി ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിരത്തിലേക്ക്‌

post

കണ്ണൂര്‍ : റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാഹനങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വാഹനം തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ സവിശേഷത. ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്‌സ്മീറ്റര്‍, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ്റ് മീറ്റര്‍, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലുള്ളത്. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണവും ഈ റഡാര്‍ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സര്‍വൈലന്‍സ് ക്യാമറയും ഇതിന്റെ ഭാഗമാണ്.

ഈ വര്‍ഷം കേരളത്തിലെ റോഡ് അപകടങ്ങള്‍ പകുതിയായി കുറക്കാനാവശ്യമായ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി  പറഞ്ഞു. നമ്മുടെ നാട്ടില്‍ നടക്കുന്ന അപകടങ്ങളിലേറെയും ഒഴിവാക്കാനാവുന്നവയാണെന്നാണ് അപകടങ്ങള്‍ സംഭവിക്കുന്ന രീതികള്‍ അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്. കൃത്യമായ ഇടപെടലിലൂടെ  അത് തടയാനാകണം. ഉറക്കമൊഴിച്ചുള്ള ദീര്‍ഘമായ യാത്ര അപകടങ്ങളിലേക്കുത്തുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ പ്രധാന റോഡുകളില്‍ ഇടക്ക് വാഹനം നിര്‍ത്തി ചായയോ കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത അകലത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അപകട സാധ്യതയുള്ള റോഡുകളില്‍ കൃത്യമായ അടയാളപ്പെടുത്തല്‍, ജാഗ്രതപ്പെടുത്തല്‍ എന്നിവ ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ തെളിമയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ ചെയ്യണം. വാഹനമോടിക്കുന്നവരെ ട്രാഫിക് നിയമം അറിയിക്കാനും ആ അറിവ് പരിശോധിക്കാനും ഉള്ള നടപടികളും വേണം. ഇതിന് ബഹുജനങ്ങളുടെ സഹകരണം പ്രധാനമാണ്. ഉദ്യോഗസ്ഥ സംവിധാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.