ജില്ലയിലെ ആറു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും പട്ടയ വിതരണവും നടത്തി

post

പത്തനംതിട്ട : ജില്ലയിലെ ആറു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍  വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.  അങ്ങാടിക്കല്‍, കലഞ്ഞൂര്‍, കൂടല്‍, ചേത്തയ്ക്കല്‍, കൊല്ലമുള, നിരണം എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ്  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി. ജനസൗഹൃദപരവും, ആധുനിക രീതിയിലും സുതാര്യവും ഉത്തരവാദിത്വപരമായും ജനങ്ങള്‍ക്ക് സേവനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ ഓഫീസ് കെട്ടിടങ്ങളില്‍  കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം, റിക്കോര്‍ഡ് റൂം, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍. 32 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. മല്ലപ്പള്ളി താലൂക്കില്‍ വിതരണത്തിനു തയാറായ നാലു പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും.

പത്തനംതിട്ട കളക്‌ട്രേറ്റില്‍, ഓണ്‍ലൈനായി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ.രാജു,  എംഎല്‍എ മാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍,  റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ.ബിജു, എ.ഡി.എം അലക്‌സ് പി തോമസ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.