നാലര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 1,63,610 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു : മുഖ്യമന്ത്രി

post

പട്ടയമേളയില്‍ ജില്ലയില്‍ 48 പട്ടയങ്ങള്‍ കൂടി നല്‍കി

ആലപ്പുഴ: ഏറ്റവും വലിയ ജനകീയ ആവശ്യങ്ങളിലൊന്നായ പട്ടയ വിതരണം കേരള സമൂഹത്തിന് ആഗ്രഹമുള്ളതും താല്പര്യമുള്ളതുമായ പദ്ധതിയാണെന്നും ഈ സര്‍ക്കാരിന്റെ കാലയളവില്‍ 1,63, 610 പട്ടയമാണ് വിതരണം നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല നിര്‍മാണ ഉദ്ഘാടനവും 6526 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിന്റെ വികസനത്തിന്റെ ഭാഗമായി മുഴുവന്‍ ഓഫീസുകളിലും കടലാസുരഹിതമാക്കുന്നതിന്റെ ആദ്യപടിയായി താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, റവന്യൂ ഓഫീസ് എന്നിടങ്ങളില്‍ പദ്ധതി ആരംഭിച്ചു .റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന് തുടക്കമിട്ടു . പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന 25 ഇനം സര്‍ഫിക്കറ്റുകള്‍ ഈ ഡിസ്ട്രിക്ട് ആപ്പ് വഴി ഓണ്‍ലൈന്‍ ആയാണ് നല്‍കി വരുന്നു. സംസ്ഥാനത്തു 1644 വില്ലേജുകളില്‍ പോക്കുവരവ് ഓണ്‍ലൈന്‍ ഈ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി. 1218 വില്ലേജുകളില്‍ ഈപോസ് മെഷീന്‍ സ്ഥാപിച്ചതായും ഇതിലൂടെ കറന്‍സിരഹിതമായി പണം സ്വീകരിക്കുന്ന രീതി നിലവില്‍ വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിവിധ വകുപ്പ് മന്ത്രിമാര്‍, എംഎല്‍എമാര്‍, റവന്യൂ പ്രിന്‍സിപ്പാള്‍ സെക്രട്ടറി എ ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ ബിജു എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ചു.

സിവില്‍സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ പട്ടയ മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കൈനകരി ആലുംതറ ചിറയിലെ വാസന്തി, തിരുവമ്പാടി പൊഴിക്കടവില്‍ ഗോപാലകൃഷ്ണന്‍, കടക്കരപ്പള്ളി മഞ്ചാടിക്കല്‍ ലക്ഷം വീട്ടില്‍ സ്‌നേഹലാല്‍ &അല്‍ഫോന്‍സാ, പാണാവള്ളി ലക്ഷ്മി ഭവനത്തില്‍ ലക്ഷ്മി, തൈക്കാട്ടുശ്ശേരി മേക്കര നികത്ത് സുമേഷ്, പാതിരപ്പള്ളി കോളഭാഗത്തില്‍ ലത തുടങ്ങിയ 6 പേര്‍ക്കും കളക്ടര്‍ ചടങ്ങില്‍ പട്ടയം വിതരണം ചെയ്തു.

ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ 15 പേര്‍ക്കും ചേര്‍ത്തല താലൂക്കില്‍ 3 പേര്‍ക്കും കുട്ടനാട് താലൂക്കില്‍ 6 പേര്‍ക്കും കാര്‍ത്തികപ്പള്ളി താലൂക്കില്‍ 6 പേര്‍ക്കും മാവേലിക്കര താലൂക്കില്‍ 4 പേര്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ 11 പേര്‍ക്കും 3 ദേവസ്വം പട്ടയവും ഉള്‍പ്പടെ ജില്ലയില്‍ 48 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ സര്‍ക്കാര്‍ കാലയളവില്‍ ജില്ലയില്‍ 1016 പട്ടയങ്ങളും 106 കൈവശരേഖയും വിതരണം ചെയ്തിട്ടുണ്ട്.പുന്നപ്ര, വയലാര്‍ കിഴക്ക്, ചേപ്പാട്, ആറാട്ടുപുഴ, തെക്കേക്കര, എണ്ണയ്ക്കാട്, കുരട്ടിശ്ശേരി തുടങ്ങിയ 7 വില്ലേജ് ഓഫീസുകളാണ് ജില്ലയില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാകുന്നത്.