സ്വകാര്യ ആശുപത്രികളിലെ 25% ഡയാലിസിസ് ബെഡുകള്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക്

post

തൃശൂര്‍: ഐ സി യു, വെന്റിലേറ്റര്‍, ഡയാലിസിസ് ബെഡുകള്‍ എന്നിവയില്‍ 25 ശതമാനം കോവിഡ് പോസിറ്റീവ് രോഗികള്‍ക്കായി മാറ്റിവച്ചതിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ കലക്ടര്‍ക്ക് നല്‍കണം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഡയാലിസ് ആവശ്യമായി വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് നേരെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഇതിനെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ ബുദ്ധിമുട്ട് അധികൃതര്‍ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്.

കോവിഡ് പോസിറ്റീവായതിന്റെ പേരില്‍, സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് ഡിഎംഒ ഡോ. കെ ജെ റീന പറഞ്ഞു. കോവിഡ് നെഗറ്റീവായ ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമാണ് ഇവര്‍ക്ക് ഡയാലിസിസ് നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറാകുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസും ചൂണ്ടിക്കാട്ടി.

കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായം കാസ്പ് പദ്ധതി വഴി നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ പങ്കെടുത്തു.