വേങ്ങേരി മാര്‍ക്കറ്റിനെ നാളികേര ട്രേഡിംഗ് ഹബ്ബാക്കി മാറ്റും

post

കോഴിക്കോട്: കേരളത്തിന്റെ നാളികേര മാര്‍ക്കറ്റ് എന്ന നിലയിലേക്ക് വേങ്ങേരി മാര്‍ക്കറ്റിനെ നാളികേര ട്രേഡിംഗ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കേരകൃഷിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന കൃഷി വകുപ്പ് 2020-21 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുയായിരുന്നു മന്ത്രി. കൂത്താളി ഫാമില്‍ നാളികേര അധിഷ്ഠിത സംരഭം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. 

2019 മുതല്‍ 2029 വരെയുള്ള പത്തുവര്‍ഷം നീണ്ട് നില്‍ക്കുന്ന സമഗ്രനാളികേര വികസനമാണ് നാളികേര മിഷന്‍ ലക്ഷ്യമിടുന്നത്. കേടുവന്ന തെങ്ങിന്‍ തൈകള്‍ വെട്ടിമാറ്റി ഉദ്പാദനക്ഷമതയുള്ള രണ്ട് കോടി തൈകള്‍ വച്ചുപിടിപ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ഓരോ വാര്‍ഡിലും 75 തെങ്ങിന്‍തൈകളുടെ വിതരണവും രണ്ട് വര്‍ഷമായി നടക്കുന്നു. കേരഗ്രാമം പദ്ധതിയുടെ എറ്റവും വലിയ ലക്ഷ്യം നാളികേര ഉദ്പാദനം വര്‍ദ്ധിപ്പിക്കുക, ഉദ്പാദന വിസ്തൃതി വര്‍ദ്ധിപ്പിക്കുക എന്നിവയാണ്. എഴരലക്ഷം ഹെക്ടര്‍ നാളികേര കൃഷി എന്നത് ഒന്‍പത് ലക്ഷം ഹെക്ടറാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഉദ്പാദനക്ഷമത 6987 ല്‍ നിന്നും 9000 ആക്കി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സംരഭങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാളികേരമിഷന്റെ ഭാഗമായി നടന്നുവരുന്നു. 

എല്ലാ ഗ്രാമപഞ്ചായത്തിലും 250 ഹെക്ടര്‍ വീതമുള്ള കേരഗ്രാമം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഒരു തെങ്ങില്‍ നിന്ന് കുറഞ്ഞത് 10 നാളികേരം അധികം വര്‍ദ്ധിപ്പിച്ചാല്‍ 13-14 കോടി വരെ നാളികേര വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഈ വര്‍ദ്ധനവ് ഉണ്ടാവുന്നതോടെ കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഒരു പ്രധാന വിളയായി നാളികേരത്തെ കൊണ്ടുവരാന്‍ സാധിക്കും. നാളികേര അധിഷ്ഠിത സംരഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സംരഭങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. കേരകര്‍ഷകര്‍ തന്നെ നാളികേര മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ച് ലാഭം ഉണ്ടാക്കുന്ന വിധത്തിലുള്ള ഉല്‍പാദന സംരഭങ്ങളും ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യൂ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥി ആയി. 

നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തെങ്ങുകൃഷിക്ക് പ്രാമുഖ്യമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് സംസ്ഥാന കൃഷിവകുപ്പ് നടത്തിവരുന്ന പദ്ധതിയാണ്  കേര ഗ്രാമം. ഈ സാമ്പത്തിക വര്‍ഷം എട്ട് ജില്ലകളിലായി 3750 ഹെക്ടറില്‍ 15 പുതിയ കേരഗ്രാമം പദ്ധതികളാണ് ആരംഭിക്കുന്നത്. തുടര്‍ച്ചയായ തെങ്ങ് കൃഷിയുള്ള 250 ഹെക്ടര്‍ പ്രദേശം തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രാമത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഉല്‍പ്പാദനക്ഷമത ഇല്ലാത്ത തെങ്ങുകള്‍ മുറിച്ച് മാറ്റല്‍, ഗുണമേന്മയുള്ള തൈകളുടെ നടീല്‍,  സബ്സിഡി നിരക്കില്‍ ജൈവവളം,  കുമ്മായം,  ജൈവ കീടനാശിനികള്‍ എന്നിവ ലഭ്യമാക്കുക,  ജലസേചന സൗകര്യങ്ങള്‍,  തെങ്ങുകയറ്റ യന്ത്രങ്ങള്‍, കമ്പോസ്റ്റ് യൂണിറ്റുകള്‍,  ഇടവിളകൃഷി എന്നിവയ്ക്കുള്ള ധനസഹായം,  മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കുള്ള സഹായം എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. ഓരോ കേര ഗ്രാമത്തിനും 50.17 ലക്ഷം രൂപയാണ് സംസ്ഥാന പദ്ധതി വിഹിതം. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിലൂടെ അധിക സഹായവും ലഭിക്കുന്നതിന് അവസരമുണ്ട്. ഈ വര്‍ഷം മുതല്‍ കേരഗ്രാമങ്ങളുടെ തുടര്‍ച്ചയായ പരിപാലനത്തിന് രണ്ടാം വര്‍ഷം 20.01 ലക്ഷം രൂപയും മൂന്നാം വര്‍ഷം 6.25 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2016 മുതല്‍ ഇതുവരെ 206 ഗ്രാമങ്ങളാണ് പൂര്‍ത്തീകരിച്ചത് കേരഗ്രാമം പദ്ധതിയിലൂടെ 51, 500 ഹെക്ടര്‍ പ്രദേശത്താണ് സംയോജിത സസ്യ പരിപാലനമുറകള്‍ നടപ്പിലാക്കിയത്. ജില്ലയില്‍  കൂരാച്ചുണ്ട്, തോടന്നൂര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളില്‍ പ്രാദേശിക ഉദ്ഘാടന ചടങ്ങുകള്‍ നടന്നു.