കാസര്‍കോടിന്റെ ആരോഗ്യ ഭൂപടത്തിലേക്ക് മാതൃ ശിശു ആശുപത്രിയും

post

ഉദ്ഘാടനം ഡിസംബറോടെ

കാസര്‍കോട്: ജില്ലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ സമ്മാനമായ മാതൃ- ശിശു (അമ്മയും കുഞ്ഞും) ആശുപത്രി നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. 112 ബെഡുകളുള്ള മൂന്ന് നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാകും. 75 സെന്റ് സ്ഥലത്ത് 112 കിടക്കകള്‍ ഉള്ള മൂന്നു നില കെട്ടിടമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്, പ്രസവം, സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ തുടങ്ങിയ സേവനങ്ങള്‍ക്ക് മാതൃശിശു ആശുപത്രി ഉപയോഗപ്പെടുത്താം.

നിലവില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. പെയന്റിങ് പ്രവൃത്തിയും ഉടന്‍ നടത്തും. നിലവിലെ കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിന് പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിലെ കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്ന ബ്ലോക്കാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഡി.എം.ഒ ആരോഗ്യം  ഡോ എ.വി രാംദാസ് പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങള്‍

പ്രസവം മുതല്‍ ശിശു രോഗങ്ങളും സ്ത്രീകളുടെ അസുഖങ്ങളും ചികിത്സിച്ചു ഭേദമാക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമാകും ഈ ആശുപത്രി. ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്ന് കിലോ മീറ്ററും  കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 30 കിലോമീറ്ററുമാണ് കാഞ്ഞങ്ങാട് ഒരുങ്ങുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്കുള്ള ദൂരം. 9.4 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ആശുപത്രിയില്‍ ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്‌തേഷ്യ, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോളജി വിഭാഗങ്ങളുടെ സേവനം ലഭ്യമാകും. പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും വീടുകളിലേക്ക് എത്തിക്കുന്ന മാതൃയാനം പദ്ധതിയുള്‍പ്പെടെ അത്യാധുനിക വൈദ്യ സംവിധാനങ്ങള്‍ നിറഞ്ഞ ആശുപത്രി ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും.