ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍

post

തിരുവനന്തപുരം : ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ജിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത സോഫ്‌റ്റ്വെയറായ ഭൗമ വിവര പഞ്ചായത്തിന്റെ സമര്‍പ്പണവും കുടുംബശ്രീയുടെ 'കണക്ട് ടു വര്‍ക്ക്' പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു.

'ഭൗമ വിവര പഞ്ചായത്ത്' സോഫ്‌റ്റ്വെയറിലൂടെ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.  ജിയോ മാപ്പിങ് വഴി വീടുകള്‍, കെട്ടിടങ്ങള്‍, റോഡുകള്‍, കുളങ്ങള്‍, തടാകങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈനില്‍ ആയിരിക്കുന്ന വ്യകതികളുടെ വീടുകള്‍ എന്നിവയടക്കം ഇതിലൂടെ കണ്ടെത്താനാകും. ഗ്രാമീണ പഠന കേന്ദ്രമാണ് സോഫ്‌റ്റ്വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ചെറുന്നിയൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവപ്രകാശ് അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് ഓമന ശിവകുമാര്‍,  ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ സി ബാലകൃഷ്ണന്‍ നായര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാസേനന്‍, ഗ്രാമീണ പഠനകേന്ദ്രം എക്‌സിക്യൂട്ടീവ് കോഡിനേറ്റര്‍ വി. ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.