പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്

post

തിരുവനന്തപുരം : പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു.  വികസന പ്രവര്‍ത്തനങ്ങളും മാലിന്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കുന്നതില്‍ പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.  സ്വപ്നതുല്യമായ വികസന പ്രവര്‍ത്തനങ്ങളാണ് പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 2.20 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചത്.  നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല ദേശീയ ആരോഗ്യ ദൗത്യത്തിനായിരുന്നു.  പ്രതിദിനം 250 കിലോലിറ്റര്‍ മലിന ജലം ശുദ്ധീകരിക്കാന്‍ ഇതിലൂടെ സാധിക്കും.

പദ്ധതി യാഥാര്‍ഥ്യമായതോടെ ആശുപത്രി പൂര്‍ണമായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഗ്രീന്‍ ട്രിബ്യുണലിന്റെയും ചട്ടങ്ങള്‍ നടപ്പിലാക്കുന്ന ആശുപത്രിയായി.  പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആശുപത്രിയില്‍ ഖരമാലിന്യം സംഭരിക്കുന്നതിനും വേര്‍തിരിക്കുന്നതിനുമായി ബയോപാര്‍ക്ക് പദ്ധതി നടപ്പാക്കിയിരുന്നു.  കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മറ്റ് വികസനപ്രവര്‍ത്തനങ്ങളും ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.

പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുസ്മിത, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഡിഎംഒ ഡോ.കെ.എസ്.ഷിനു, ഡിപിഎം ഡോ.പി.വി.അരുണ്‍, നിര്‍മിതി കേന്ദ്ര റീജിയണല്‍ എഞ്ചിനീയര്‍ എസ്.ബൈജു, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. ബി. ഉണ്ണികൃഷ്ണന്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.