ജയില്‍ വകുപ്പിന്റെ ഫ്രീഡം ഫുഡ് പാക്ക് ദേശീയതലത്തില്‍ തന്നെ മാതൃക; മുഖ്യമന്ത്രി

post

ജില്ലാ ജയിലിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ :ആലപ്പുഴ ജില്ലാ ജയിലിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു .  സ്വാതന്ത്ര്യലബ്ധിക്കു മുന്‍പേ പ്രവര്‍ത്തനമാരംഭിച്ച ജയിലാണ് ആലപ്പുഴയിലേത് .1955ലാണ് റവന്യൂ വകുപ്പില്‍ നിന്നും കെട്ടിടം ജയില്‍ വകുപ്പിന് ലഭിച്ചത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തില്‍ 41 തടവുകാരെ മാത്രം പാര്‍പ്പിക്കുവാന്‍ പരിമിതമായ സൗകര്യങ്ങളാണ് ദീര്‍ഘകാലമായി ജയിലില്‍ ഉണ്ടായിരുന്നത്.  എന്നാല്‍ പല സാഹചര്യങ്ങളിലും നൂറിലേറെ തടവുകാരെ ജില്ലാ ജയിലില്‍ പാര്‍പ്പിക്കേണ്ടി  വന്നിട്ടുണ്ട്. 5.5 കോടി രൂപ മുടക്കില്‍ 110 തടവുകാരെ പാര്‍പ്പിക്കാനുള്ള ശേഷിയാണ് പുതിയ കെട്ടിടത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഭക്ഷ്യശൃംഖലയുടെ ഭാഗമായ ഫ്രീഡം ഫുഡ് പാക്ക്  ദേശീയ തലത്തില്‍ തന്നെ മാതൃകയായി മാറി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ചെറുതും വലുതുമായ പദ്ധതികളുണ്ട്. സര്‍ക്കാരിനും ചെറുതല്ലാത്തൊരു  ഒരു തുക ഖജനാവിലേയ്ക്കായി ലഭിക്കുന്നുണ്ട്.  തടവുകാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. അന്തേവാസികളുടെ സേവനതല്പരത എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  ജയിലില്‍ ജോലിചെയ്ത് ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ബാധിച്ച പ്രകൃതി ദുരന്തങ്ങളില്‍  അവര്‍ നല്കിയ സാമ്പത്തിക സഹായം വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ് ജില്ലയിലെ നിലവിലുള്ള. പുതിയത് നിര്‍മിച്ചിട്ടും ജയില്‍ നിലനിര്‍ത്തിയിരുന്നത് അതിന്റെ പ്രാധാന്യം കൊണ്ട് മാത്രമാണ്. ജയിലില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ഭരണഘടനാപരമായ എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കാന്‍ വേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലാ എല്ലാ മേഖലയിലും വികസിക്കുകയാണ്. റോഡുകളിലറിയാം ജില്ലയുടെ വികസനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

നിലവിലുള്ള ജില്ലാ ജയില്‍ കാലപ്പഴക്കത്താലും സ്ഥലപരിമിതിയാലും വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍, ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ ജയില്‍ കെട്ടിടം നിര്‍മിച്ചത്. മൂന്നു നിലകളിലായാണ് കെട്ടിടം പണിതിരിക്കുന്നത്.  താഴത്തെ നിലയില്‍ സൂപ്രണ്ടിന്റെ മുറി, വാര്‍ഡന്റെ  മുറി, ജനറല്‍ ഓഫീസ്, ഡോക്ട്‌ടേഴ്‌സ് റൂം , ഇന്റര്‍വ്യൂ റൂം, വെയിറ്റിംഗ് റൂം ,മീറ്റിംഗ് സ്‌പേസ് കോമണ്‍ സെല്ലുകള്‍ ,സിംഗിള്‍ സെല്ലുകള്‍ ,എന്നിങ്ങനെ നിരവധി റൂമുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ കോമണ്‍ സെല്ലുകള്‍ , ഓഫീസ് റൂം , വെല്‍ഫെയര്‍ ഓഫീസറുടെ റൂം തുടങ്ങിയവയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 142 മീറ്റര്‍ ചുറ്റുമതില്‍ ,ഫെന്‍സിങ് എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട് . എ എം ആരിഫ് എം പി , ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ , ജയില്‍ മേധാവി ഋഷിരാജ് സിംഗ്  തുടങ്ങിയവര്‍ സംസാരിച്ചു.