കണ്ണപുരം പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു

post

കണ്ണൂര്‍: കണ്ണപുരം പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഹരിത കേരള മിഷന്‍ 2015 - 20 ഭരണ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ' ഓര്‍മ്മ തുരുത്ത്  2020' എന്നപേരില്‍ മൂന്നാമതൊരു പച്ചത്തുരുത്തിന് കൂടി തുടക്കം കുറിച്ചത്.  പുഞ്ചവയല്‍ അംബേദ്കര്‍ കോളനി ശ്മശാന അങ്കണത്തില്‍ നാടന്‍ പ്ലാവിന്‍ തൈ നട്ട് ടി വി രാജേഷ് എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവില്‍ പണി പൂര്‍ത്തീകരിച്ച അംബേദ്കര്‍ മാതൃക ഗ്രാമത്തിന്റെ തുടര്‍ പ്രവര്‍ത്തനമായാണ് ശ്മശാന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ജൈവ ഉദ്യാനമായി മാറിയ 80 സെന്റ് ശ്മശാന അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടും നടപ്പാതയുടെ ഇരുവശങ്ങളിലും പൂച്ചെടികളും ഇരിപ്പിടങ്ങളും ഒരുക്കി മനോഹരമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. തുടര്‍  സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെടികള്‍ നനയ്ക്കുന്നതിന് സാംസ്‌കാരികനിലയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിനാവശ്യമായ ബക്കറ്റും കപ്പും എംഎല്‍എ കൈമാറി.  മഴക്കുഴികള്‍ നിര്‍മിക്കല്‍, വൃക്ഷത്തൈകള്‍ ശേഖരിക്കല്‍, നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. നിലവിലുള്ള  വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും സംബന്ധിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ പഠനം നടത്തി രജിസ്റ്റര്‍ ചെയ്യും. വന്‍മരങ്ങളുടെ പേരുകള്‍ ടാഗ്  ചെയ്ത് പുതു തലമുറയിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കും.