ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യം കായിക യുവജന കാര്യമന്ത്രി

post

കാസര്‍ഗോഡ് : എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തോടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യമെന്ന് കായിക യുവജന കാര്യമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാഹുലിന് വീട് നിര്‍മിച്ച് നല്‍കിയത് കായിക താരങ്ങള്‍ക്ക് ആത്മവിശ്വാസ്വവും പ്രതീക്ഷയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  464 കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കി. 264 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമറി  തസ്തികയുണ്ടാക്കി ജോലി നല്‍കി.  44 മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചു. 1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കായിക മേഖലയില്‍ നടന്നത്.  കണ്ണൂരിലെ ഒളിമ്പ്യന്‍ മാന്വല്‍ ഫെഡറികിന് പയ്യാമ്പലത്ത് വീട് നിര്‍മിച്ച് നല്‍കി. പാളയത്ത് പച്ചക്കറി വില്‍പന നടത്തിയിരുന്ന  അന്തര്‍ദേശീയ കായിക പുരസ്‌കാരം നേടിയ ശ്യാമളയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സന്തോഷ് ട്രോഫി നേടിയ കായിക താരങ്ങള്‍ക്കെല്ലാം ജോലി നല്‍കി. രാഹുലിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ പങ്കു വഹിച്ച ജനപ്രതിനിധികള്‍ ജില്ലാ സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കായിക ക്ഷമതയുള്ള സമൂഹത്തില്‍ രോഗപ്രതിരോധ ശേഷി കൂടും. കോവിഡ് 19 വ്യാപനത്തിനെതിരെ കര്‍ശന ജാഗ്രത പാലിക്കണം.  കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും കുടുംബങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുക യും വേണം. കൈകാലുകള്‍ അണുവിമുക്തമാക്കണം. കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം. രോഗം ബാധിച്ചവരില്‍ പാര്‍ശ്വ ഫലം കാണപ്പെടുന്ന രോഗമാണിതെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.