അവകാശ ഭൂമിക്ക് അധികാര രേഖ, കഞ്ഞിക്കുഴിയുടെ സ്വപ്‌നസാഫല്യം

post

ഇടുക്കി: മണ്ണിനോടു പോരടിച്ചു ജീവിതം കരുപ്പിടിപ്പിച്ചെടുത്ത ആളുകള്‍ക്കു മുന്നില്‍ സ്വന്തം ഭൂമിയുടെ അവകാശം വന്നെത്തുമ്പോഴുള്ള ആഹ്‌ളാദം പറഞ്ഞറിയിക്കാനാവില്ല. അതാണ് ഇപ്പോള്‍ ഇടുക്കി ജില്ലയിലെ കൊച്ചു ഗ്രാമമായ കഞ്ഞിക്കുഴിയിലെ നാട്ടുകാര്‍ക്കു പറയാനുളളത്. സ്വന്തമായുള്ള 11 സെന്റ് ഭൂമിക്കു പട്ടയരേഖ കിട്ടുന്നത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും സമരങ്ങള്‍ക്കും ശേഷമാണെന്നു കഞ്ഞിക്കുഴി നെല്ലാനിക്കല്‍ സന്തോഷും ഭാര്യ ഷീജയും പറഞ്ഞു. 1965ല്‍ തൊടുപുഴ ഭാഗത്തു നിന്നാണ് സന്തോഷിന്റെ പിതാവ് രാഘവനും കൂട്ടരും കഞ്ഞിക്കുഴിയിലേക്കു കുടിയേറിയത്. സന്തോഷ് ഉള്‍പ്പെടെ നാലുമക്കള്‍. നാഴിമണ്ണുള്ളതില്‍ കൃഷി ചെയ്തു നാനാവിധ സ്വപ്നങ്ങള്‍ നെയ്ത് ജീവിക്കുന്ന ചെറിയ കുടുംബം. കഞ്ഞിക്കുഴി ഗുരുമന്ദിരം സ്ഥിതി ചെയ്യുന്ന ഭാഗത്തുവരെ മാത്രമാണ് നിലവില്‍ പലര്‍ക്കും പട്ടയം ലഭിച്ചിട്ടുള്ളത്. ബാക്കി നൂറുകണക്കിനു കുടുംബങ്ങള്‍ക്കു ഇപ്പോഴും പട്ടയമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് നാട്ടുകാര്‍ക്കും പട്ടയം വിതരണം ചെയ്യാനുളള നടപടികള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയതെന്ന് സന്തോഷ് പറഞ്ഞു. സന്തോഷ് ഉള്‍പ്പെടെ പട്ടികവര്‍ഗ വിഭാഗക്കാരായ അനേകം കുടുംബങ്ങള്‍ ഇനിയും പട്ടയത്തിനായി കാത്തിരിക്കുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണിയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പ്രത്യേക താത്പര്യമെടുത്തതോടെയാണ് ജില്ലയിലെ ആറാമത്തെ പട്ടയമേളയ്ക്ക് നവംബര്‍ നാലിന് കഞ്ഞിക്കുഴി സാക്ഷ്യം വഹിക്കുന്നത്.

 സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനം നാടിനു വലിയ ഗുണം ചെയ്തതായി വാര്‍ഡ് മെമ്പർ എം എം പ്രദീപ് പറഞ്ഞു. ഇക്കാര്യത്തില്‍ നാട്ടുകാരും ഒന്നിച്ചു നിന്നു. പട്ടയവിതരണ നടപടികളുടെ ഭാഗമായുളള സര്‍വെ നടപടികള്‍ കഞ്ഞിക്കുഴി, വാഴത്തോപ്പ് മേഖലകളില്‍ പുരോഗമിക്കുകയാണ്. പട്ടയം ഉടൻ ലഭിക്കുന്നു  എന്നറിഞ്ഞപ്പോള്‍ കൂട്ടുകാരികളായ കളത്തൂക്കുന്നേല്‍ റോസമ്മ, ഒഴക്കനാട്ട് ഇന്ദിര, കിഴക്കേനാല്‍ മേരി എന്നിങ്ങനെ മുതിര്‍ന്നവർക്ക് വലിയ സന്തോഷം. കുടിയേറ്റക്കാലത്തെ കഷ്ടപ്പാടും ദുരിതവും അനുഭവങ്ങളും മനസില്‍പേറുന്നവരുടെ ഉദാഹരണങ്ങളാണിവര്‍. നിബിഡ വനമായിരുന്ന പ്രദേശം വെട്ടിത്തെളിച്ചു കൃഷിയിറക്കുമ്പോള്‍ വന്യമൃഗങ്ങളുടെ ആക്രമണവും ഭീഷണിയും നേരിടേണ്ടിവന്നതായി ഇന്ദിര ഓര്‍മിക്കുന്നു. 

 അന്നത്തെ കാലത്ത് കര്‍ഷകര്‍ ഒരുപാടു ത്യാഗങ്ങള്‍ സഹിച്ചതായി വാഴക്കാലയില്‍ തങ്കപ്പന്‍ ഓര്‍ക്കുന്നു. എത്തിപ്പെടാന്‍ വഴിയില്ലായിരുന്നു. ആദ്യം വഴിയുണ്ടാക്കുക എന്ന ശ്രമകരമായ ജോലിയാണ് എല്ലാവരും ഒരുമിച്ചു നിന്നു ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു ഏറ്റവും പ്രയാസം. കിലോമീറ്ററുകള്‍ അകലെ വാഴത്തോപ്പിലെ സ്‌കൂളുകളിലാണ് അവര്‍ പഠിച്ചത്. റോഡ് വെട്ടുമ്പോള്‍ ഒരു ദിവസത്തെ ഭക്ഷണം ഒരു വീട്ടുകാര്‍ എന്ന രീതിയിലായിരുന്നു. ജാതി, മത വര്‍ഗ ഭേദമില്ലാതെ ഒരുമയോടെയുളള പ്രവര്‍ത്തനം. ഒരു ദിവസം കൊണ്ടു വെട്ടിത്തെളിച്ചെടുത്ത ചെറിയ റോഡുകളുണ്ടായിരുന്നുവെന്ന് തങ്കപ്പന്‍ ഓര്‍മിക്കുന്നു.  ഇപ്പോഴത്തെ തലമുറയ്ക്ക് പറഞ്ഞാല്‍ അത്ര മനസിലാകില്ലാത്ത കഷ്ടപ്പാടിന്റെ നാളുകളായിരുന്നുവെന്ന് ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന തങ്കപ്പന്‍ പറഞ്ഞു. ഇളംതലമുറയ്ക്ക് സ്വന്തം മണ്ണിന്റെ അവകാശം ലഭിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. അതിനു മുന്‍കൈയെടുത്ത ഇപ്പോഴത്തെ സര്‍ക്കാരിനോട് എല്ലാവിധ കടപ്പാടും നന്ദിയുമുണ്ടായിരിക്കുമെന്ന് തങ്കപ്പന്‍ പറഞ്ഞു. ജനങ്ങള്‍ക്കു പട്ടയം നല്‍കുന്നതിന് സര്‍ക്കാരിന്റയും ഉദ്യോഗസ്ഥരുടെയും പിന്തുണ നന്ദിയോടെ ഓര്‍ക്കുമെന്നു പുതുപ്പറമ്പില്‍ ബീന സാജന്‍ പറഞ്ഞു. ബാംഗ്‌ളൂരില്‍ നഴ്‌സായിരുന്ന ബീന ഇപ്പോള്‍ മുഴുവന്‍ സമയ വീട്ടമ്മയാണ്. ഭര്‍ത്താവ് സാജന്‍ കെ എസ് ഇ ബിയില്‍ ജോലി ചെയ്യുന്നു. ഉള്ള ഭൂമിയില്‍ വീടു പണി നടന്നുവരുന്നു. അവകാശ ഭൂമിക്ക് അധികാര രേഖ അടുത്തുവരുന്ന സന്തോഷത്തിലാണ് ഈ കുടുംബം.  

 കഞ്ഞിക്കുഴിയില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നത്. സര്‍വെ നടപടികള്‍ പഞ്ചായത്തില്‍ നടത്തിവരുകയാണ്. സര്‍ക്കാര്‍ സര്‍വെയര്‍മാരെക്കൂടാതെ സ്വകാര്യ സര്‍വെയര്‍മാരെക്കൂടി നിയോഗിച്ച് വേഗത്തില്‍ പുരോഗമിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കമ്മിറ്റി സര്‍വെ നടപടികള്‍ക്കും പട്ടയവിതരണ നടപടികള്‍ക്കും എല്ലാവിധ സഹായവുമായി രംഗത്തുണ്ടെന്നു പൊതു പ്രവര്‍ത്തകന്‍ കൂടിയായ വരിക്കാനിയില്‍ ജോയ് പറഞ്ഞു.