ഇടുക്കി ജില്ലയിലെ ആറാമത് പട്ടയമേള നവംബര്‍ നാലിന് കഞ്ഞിക്കുഴിയില്‍

post

ഇടുക്കി: ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ ചിരകാല സ്വപ്നമായ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം വീണ്ടും സാക്ഷാത്കരിച്ച്  ആറാമത് പട്ടയമേള നവംബര്‍ നാലിന് കഞ്ഞിക്കുഴിയില്‍  നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലയിലെ കരിമണ്ണൂര്‍ ഭൂമിപതിവ് ഓഫീസിലെ പ്രവര്‍ത്തന പരിധിയില്‍ ഉള്ള വണ്ണപ്പുറം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം,അറക്കുളം,നെയ്യശ്ശേരി വില്ലേജുകളില്‍ ആദിവാസി സെറ്റില്‍മെന്റ്കളിലെ പട്ടികവര്‍ഗ്ഗ പട്ടികജാതി വിഭാഗക്കാരുള്‍പ്പെടെയുള്ള 15000 ലധികം കുടുംബങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ നീക്കി പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ പട്ടയം നല്‍കി.  

കഞ്ഞിക്കുഴി, ഇടുക്കി, വാഴത്തോപ്പ് പ്രദേശങ്ങളിലെ 8500 ഓളം കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള ആദ്യഘട്ട ഉദ്ഘാടനവും  പട്ടയവിതരണവും കൂടാതെ വിവിധ ഭൂമിപതിവ് ഓഫീസുകളില്‍ നിന്നും തയ്യാറായിട്ടുള്ളത് ഉള്‍പ്പെടെ 2000 പട്ടയങ്ങളാണ് നവംബര്‍ നാലിന് വിതരണം ചെയ്യുന്നത്

നാലാം തീയതി രാവിലെ 11 ന് കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി പട്ടയ വിതരണം നിര്‍വഹിക്കും.  അഡ്വക്കറ്റ് ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, പി ജെ ജോസഫ്,  ഇ എസ് ബിജിമോള്‍,എസ് രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കൊച്ചുത്രേസ്യ പൗലോസ്, ജോയ്സ് ജോര്‍ജ്,  ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണ്ണമായും കോവിഡ് 19 മാനദണ്ഡങ്ങള്‍ക്ക്  വിധേയമായിട്ടാണ് ചടങ്ങ് നടത്തുന്നത്.