ചെങ്ങന്നൂരില്‍ ഒരുങ്ങുന്നു സമഗ്ര കുടിവെള്ള പദ്ധതി

post

ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ചെങ്ങന്നൂര്‍ കുടിവെള്ള പദ്ധതി ഒരുങ്ങുന്നു. രണ്ട് വര്‍ഷം കൊണ്ട് ഏഴുപഞ്ചായത്തുകളിലെയും നഗരസഭയിലെയും 35,000 കുടുംബങ്ങള്‍ക്ക് ഗുണഫലം കിട്ടുന്ന പദ്ധതിയുടെ നിര്‍മാണം നാല് ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തിയാക്കുന്നത്. കിഫ്ബി വഴി തുടക്കമിട്ട സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 273 കോടി രൂപയാണ് ചിലവിടുന്നത്.

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ മുളക്കുഴ, വെണ്‍മണി, ചെറിയനാട്, ആല, പുലിയൂര്‍, പാണ്ടനാട്, ബുധനൂര്‍ പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 35,000 ഗാര്‍ഹിക കണക്ഷനുകള്‍ വഴി ഒന്നരലക്ഷം ജനങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. പമ്പാ നദിക്കരയിലെ കോലാമുക്കത്തുള്ള നവീകരിച്ച കിണറില്‍ നിന്നും 3,050 മീറ്റര്‍ നീളം വരുന്ന പൈപ്പ്‌ലൈനിലൂടെ വെള്ളം നികരുംപുരത്ത് നിര്‍മ്മിക്കുന്ന ശുദ്ധീകരണ ശാലയിലേക്കെത്തിക്കുന്നു. ദിനംപ്രതി 35 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റും 14 ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാന്റും ആണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും ഓരോ പഞ്ചായത്തുകളിലും സ്ഥിതിചെയ്യുന്ന എട്ട് ഉന്നതതല ജലസംഭരണികളിലേക്ക് (ഓവര്‍ഹെഡ് ടാങ്ക്) വെള്ളം പമ്പ് ചെയ്യുന്നു. 910 കിലോമീറ്റര്‍ നീളമുള്ള വിതരണ ശ്യംഖല വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.

നാല് പാക്കേജുകളായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കോലാമുക്കത്ത് നിലവിലുള്ള കിണറിന്റെ നവീകരണം, ട്രാന്‍സ്‌ഫോര്‍മര്‍ റൂമിന്റെ നിര്‍മ്മാണം, 3.08 കിലോമീറ്റര്‍ റോവാട്ടര്‍ പമ്പിംഗ് മെയിന്‍, നികരുംപുരത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം, ജലശുദ്ധീകരണ ശാലയില്‍ 14 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയുടെയും 14.6 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയുടെ നിര്‍മ്മാണം, കോലാമുക്കത്തും നികരുംപുരത്തും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, കോലാമുക്കത്ത് 270 കുതിരശക്തി ശേഷിയുള്ള മൂന്ന് പമ്പുകള്‍ എന്നിവയുടെ പ്രവൃത്തിയാണ് പാക്കേജ് ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കേജ് രണ്ടില്‍ നികരുംപുരം ശുദ്ധീകരണശാലയില്‍ നിന്നും ചെങ്ങന്നൂര്‍ നഗരസഭയിലെ മലയിലില്‍ സ്ഥാപിക്കുന്ന സംഭരണിയിലേയ്ക്ക് ശുദ്ധീകരിച്ച വെള്ളം കൊണ്ടുപോകുന്നതിനായുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍ 2.25 കിലോ മീറ്റര്‍, 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണി, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 190.2 കിലോമീറ്റര്‍ വിതരണ ശൃംഖല, തിരുവല്ല - ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍ ക്രോസ്സ് ചെയ്ത് പൈപ്പ് സ്ഥാപിക്കേണ്ട പ്രവൃത്തി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പാറച്ചന്തയില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണി, കളരിത്തറയില്‍ 6.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല സംഭരണി, പെണ്ണുക്കരയില്‍ 15 ലക്ഷം ലിറ്റര്‍ സംഭരണി ശേഷിയുള്ള ഉന്നതതല ജലസംഭരണി എന്നിവയും അവിടങ്ങളിലേയ്ക്കുള്ള ക്ലിയര്‍ വാട്ടര്‍ ട്രാന്‍സ്മിഷന്‍ മെയിന്‍, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലായി 410.47 കിലോമീറ്റര്‍ വിതരണ ശ്യംഖല എന്നിവയാണ് പാക്കേജ് മൂന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുലിയൂരില്‍ 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും, പാണ്ടനാട് 8 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും, തിരുത്തിമേല്‍ 3.65 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയുടേയും

അവിടങ്ങളിലേക്കുള്ള ക്ലിയര്‍ വാട്ടര്‍ ട്രാന്‍സ്മിഷന്‍ മെയിന്‍, ആല പഞ്ചായത്തില്‍ 95.48 കിലോമീറ്റര്‍, ബുധനൂര്‍, പുലിയൂര്‍ പഞ്ചായത്തില്‍ 147.7 കിലോമീറ്ററും, പാണ്ടനാട് പഞ്ചായത്തില്‍ 65.65 കിലോമീറ്ററും നീളത്തിലുള്ള വിതരണ ശൃംഖല എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തിയും കുളിക്കാംപാലത്ത് റെയില്‍ ക്രോസ്സ് ചെയ്ത് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് പാക്കേജ് നാല്.

ബൃഹത്തായ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതോടുകൂടി ചെങ്ങന്നൂരില്‍ ദിനംപ്രതി ആളോഹരി 150 ലിറ്ററും ഗ്രാമീണ മേഖലകളില്‍ ആളോഹരി 100 ലിറ്റര്‍ വീതവും കുടിവെള്ള വിതരണം നടത്തുവാന്‍ സാധിക്കും. ആകെ 34,379 ഗാര്‍ഹിക കണക്ഷന്‍ വഴി 1,60,659 ജനങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.