കാലത്തിനൊത്ത് മാറി കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍: മന്ത്രി എ കെ ശശീന്ദ്രന്‍

post

കോഴിക്കോട് - കല്‍പ്പറ്റ സിവില്‍  ബോന്‍ഡ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു 

കോഴിക്കോട്: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കാലത്തിനൊത്ത് മാറുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി ബോന്‍ഡിന്റെ (ബസ് ഓണ്‍ ഡിമാന്റ്) ജില്ലയിലെ ആറാമത്തെ ഷെഡ്യൂള്‍ ആയ കോഴിക്കോട് - കല്‍പ്പറ്റ സിവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ കൊറോണ കാലത്ത് ജനങ്ങളെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ്. ആശുപത്രികള്‍, തൊഴില്‍ ശാലകള്‍, നിത്യോപയോഗ സാധന ചന്തകള്‍, ഓഫീസുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ് ഇതിനെല്ലാം പൊതുഗതാഗതം അനിവാര്യമാണ്. ഇവിടെയാണ് ബോന്‍ഡിന്റെ പ്രസക്തിയേറുന്നതെന്ന് മന്ത്രി പറഞ്ഞു. നിത്യയാത്ര മുടക്കാതെ സുരക്ഷിത യാത്ര ഉറപ്പു വരുത്താന്‍ ബോന്‍ഡ് സര്‍വ്വീസിന് സാധ്യമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ഥിരം യാത്ര ചെയ്യേണ്ടുന്ന ഒരു കൂട്ടം യാത്രക്കാര്‍ക്ക് അവരുടെ അവശ്യം അനുസരിച്ച് യാത്രാ സൗകര്യം നല്‍കുകയാണ് ബോണ്ട്   സര്‍വ്വീസിലൂടെ. അണ്‍ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ ജീവനക്കാരുടെ സുരക്ഷാര്‍ത്ഥം ഓഫീസുകളില്‍ ഒന്നിടവിട്ട പ്രവൃത്തി ദിനങ്ങളില്‍ 50 ശതമാനം ഹാജര്‍ നിലവേണമെന്നായി, ആശുപത്രി ജീവനക്കാര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എല്ലാവരും എപ്പോഴും തങ്ങളുടെ ജോലിയില്‍ നിരതരാകേണ്ടതായി വന്നു. ഇവര്‍ക്കെല്ലാം സുരക്ഷിത യാത്ര ഒരുക്കേണ്ടതിനായാണ് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ് ആരംഭിച്ചത്. സ്ഥിരം യാത്ര ചെയ്യേണ്ടുന്ന ഗവണ്‍മെന്റ്, ബാങ്ക്, മറ്റ് സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്ക് ഈ സര്‍വ്വീസ് പ്രയോജനപ്പെടുത്താവുന്നതാണ്. സ്ഥിരയാത്രക്കാരെ, ജീവനക്കാരെ അവര്‍ക്ക് കയറേണ്ടിടത്തു നിന്നും കയറ്റി അവരുടെ ഓഫീസുകള്‍ക്കു മുന്നില്‍ ഇറക്കുന്നു ഓഫീസ് വിട്ടാല്‍ തിരിച്ചും അതുപോലെ എത്തിക്കുന്നു. 

ബോണ്ട് യാത്രക്കാര്‍ക്ക് മാത്രമായി നിത്യവും അണുവിമുക്തമാക്കിയ പ്രത്യേക ബസ്, സീറ്റ് ഉറപ്പായിരിക്കും. യാത്രക്കാര്‍ക്ക് പ്രത്യേക സാമൂഹിക ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ട്. ബോണ്ട് സര്‍വ്വീസില്‍ യാത്രക്കാര്‍ക്കായി പ്രത്യേകം ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ സംവിധാനം. ഇതോടൊപ്പം യാത്ര തുടങ്ങുന്ന ബസ് സ്റ്റേഷനുകളില്‍ സ്വന്തം വാഹനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്കു 10 രൂപാ ഫീസ് നല്‍കി തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. 5,10,15, 20, 25, ദിവസങ്ങളിലേക്കുള്ള യാത്രകള്‍ക്കായി പണം മുന്‍കൂര്‍ നല്‍കി ബോന്‍ഡ് ട്രാവല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കാവുന്നതാണ്.

വടക്കന്‍ മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി വി രാജേന്ദ്രന്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, ജീവനക്കാര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.