എല്ലാ അങ്കണവാടികളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി കെ രാജു

post

കൊല്ലം: ഹൈടെക് നിലവാരത്തില്‍  മികച്ച ഭൗതിക സാഹചര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് എല്ലാ അങ്കണവാടികളും മാറുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. പുനലൂര്‍ നഗരസഭയിലെ  നേതാജി വാര്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന ഹൈടെക്  അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പരിമിതമായ സാഹചര്യങ്ങളില്‍ വാടക കെട്ടിടങ്ങളിലും  കടകളുടെ ചായ്പ്പുകളിലുമാണ് കുറച്ചുകാലം മുന്‍പ് വരെ പല അങ്കണവാടികളും  പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കുട്ടികളുടെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുക,  മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്നീ  ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടങ്ങള്‍ ഒരുക്കുന്നത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായാണ് നേതാജി വാര്‍ഡിലെ പുതിയ  മന്ദിരം നിര്‍മിക്കുന്നത് മന്ത്രി പറഞ്ഞു. വയോജന ക്ഷേമത്തിനായി കൂടുതല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് പകല്‍ വീട് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി കെ രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും 20 ലക്ഷം രൂപയും പുനലൂര്‍  നഗരസഭയുടെ  പ്ലാന്‍ ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപയും ഉള്‍പ്പെടെ 52 ലക്ഷം രൂപയാണ്  പുതിയ കെട്ടിടത്തിനായി  അനുവദിച്ചത്. പ്രദേശവാസികളായ രാജലക്ഷ്മി 3.5 സെന്റും മനോജ്, ഗ്രീഷ്മ എന്നിവര്‍  ചേര്‍ന്ന് 2.5 സെന്റ് വസ്തുവുമാണ് അങ്കണവാടി പണിയുന്നതിനായി നല്‍കിയത്. ആറ് സെന്റ് സ്ഥലത്ത്  അങ്കണവാടി കെട്ടിടം,  സേവാകേന്ദ്രം, യോഗ ഹാള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. ഹാബിറ്റാറ്റിനാണ് നിര്‍വഹണ ചുമതല.