സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗഹൃദ കാഴ്ച്ചവിരുന്നാരുക്കി കോട്ടക്കുന്ന് ഉദ്യാനം

post

നവീകരിച്ച വിനോദ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മലപ്പുറം: പ്രകൃതിദത്ത സൗന്ദര്യം കാഴ്ച്ചവിരുന്നൊരുക്കി മലപ്പുറം കോട്ടക്കുന്ന് വിനോദ ഉദ്യാനത്തിന് ഇനി പുതു ഭാവം. വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചിലവില്‍ നവീകരിച്ച ഉദ്യാനം മുഖ്യ മന്ത്രി പിണറായി വിജയന്‍ സഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.

കോവിഡ് മഹാമാരി അതിജീവിക്കുന്നതോടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ ഏറെ തളര്‍ത്തിയ മേഖലയാണ് വിനോദ രംഗം. തൊഴില്‍പരമായും സാമ്പത്തികമായും വിനോദ മേഖലയില്‍ വലിയ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇത് തിരിച്ചറിഞ്ഞ് ആരോഗ്യ സംരക്ഷണം പൂര്‍ണ്ണമായും ഉറപ്പാക്കി വിനോദ കേന്ദ്രങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതീവ ജാഗ്രതയോടെ ഘട്ടം ഘട്ടമായി വിനോദ കേന്ദ്രങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ അവസ്ഥയില്‍ നിരാശപ്പെടാതെ വലിയ കുതിപ്പിനുള്ള മുന്നൊരുക്കമായി വേണം മഹാമാരിക്കാലത്തെ പ്രശ്‌നങ്ങളെ സമീപിക്കാനെന്നും ഈ മഹാമാരിക്കാലം പിന്നിടുന്നതോടെ വലിയ മാറ്റമാണ് വിനോദ സഞ്ചാര രംഗത്തുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിറാക്കിള്‍ ഗാര്‍ഡന്‍, സൈക്കിള്‍ ട്രാക്ക്, പാര്‍ട്ടി ഡക്ക്, എഫ്.എം റേഡിയോ സംവിധാനം, നടപ്പാതകള്‍, ആകര്‍ഷകമായ ഉദ്യാനം, വര്‍ണ്ണ വൈവിധ്യങ്ങളോടെയുള്ള പൂച്ചെടികള്‍, ശലഭ ഉദ്യാനം, ജലസേചനത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങി വിവിധ പദ്ധതികളാണ് വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടക്കുന്ന് വിനോദ ഉദ്യാനത്തില്‍ നടപ്പാക്കിയിരിക്കുന്നത്. തീര്‍ത്തും പ്രകൃതി സൗഹൃദമായി സംസ്ഥാന നിര്‍മ്മിതി കേന്ദ്രയാണ് രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, വിനോദ് കല്ലിടുമ്പില്‍, സലീന റസാഖ്, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പാലൊളി കുഞ്ഞുമുഹമ്മദ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.