ടൂറിസത്തിന് പുത്തനുണര്‍വേകാന്‍ പാലക്കാട്ടെ ഉദ്യാനങ്ങള്‍

post

പാലക്കാട്: നെല്ലിയാമ്പതി മലനിരകളുടെ പ്രവേശന കവാടവും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ ഇടത്താവളവുമായ പോത്തുണ്ടി ഡാമും ഉദ്യാനവും സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ആകാശ സൈക്കിള്‍ സവാരി, പോളറൈസ് റൈഡ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പോത്തുണ്ടി ഡാം ഉദ്യാനം നവീകരിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് നാല് കോടി ചെലവിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹസികവും മാനസികവുമായ ഉല്ലാസത്തിന് ഉതകുന്ന രീതിയില്‍ ഉദ്യാനത്തിലെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി.

സാഹസിക സ്‌പോര്‍ട്‌സ്, കുട്ടികളുടെ കളിസ്ഥലം, കിയോസ്‌ക്, ടോയ്‌ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, നിലവിലെ ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, മഴക്കുടില്‍, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ നടത്തിയത്. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ശുചിത്വവും പച്ചപ്പും മികച്ച അന്തരീക്ഷവും സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക.

മംഗലം ഡാം ഉദ്യാനത്തില്‍ 4.76 കോടിയുടെ നവീകരണം

പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിന്റ്, റോപ്പ് കോഴ്‌സ്, കുട്ടികള്‍ക്കായുള്ള കളി സൗകര്യങ്ങള്‍, കുളം, മഴക്കുടില്‍, ഇരിപ്പിടങ്ങള്‍, സ്റ്റേജ്, വൈദ്യുതീകരണം, ഇന്റര്‍ലോക്ക്, കമ്പോസ്റ്റിങ് പ്ലാന്റ് തുടങ്ങി 4.76 കോടിയുടെ പ്രവൃത്തികളാണ് മംഗലം ഡാം ഉദ്യാനത്തില്‍ നടപ്പിലാക്കിയത്. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി.

സംസ്ഥാന ടൂറിസത്തിന്റെ വളര്‍ച്ചക്ക് വളരെയധികം പ്രയോജനപ്രദമായ പദ്ധതികളാണ് പാലക്കാട് ജില്ലയിലെ പോത്തുണ്ടി, മംഗലം ഡാം ഉദ്യാനങ്ങള്‍. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ഈ ഉദ്യാനങ്ങളുടെ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാലക്കാട് ജില്ലയുടെ ടൂറിസം വികസനത്തിനായി 33 കോടിയാണ് അനുവദിച്ചത്. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് 33.15 ലക്ഷം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം 39 ലക്ഷം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം മാലിന്യസംസ്‌കരണ കേന്ദ്രം 3.52 ലക്ഷം, ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലുള്‍പ്പെടുത്തി മലമ്പുഴ ഉദ്യാനം 99 ലക്ഷം, മലമ്പുഴ റോക്ക് ഗാര്‍ഡന്‍ 92 ലക്ഷം, വാടിക ശിലാവാടിക  ഉദ്യാനം 70 ലക്ഷം, ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി 73 ലക്ഷം, തസ്രാക് റൈറ്റേഴ്സ് വില്ലേജ് അഞ്ചുകോടി, ചെമ്പൈ സാംസ്‌കാരിക സമുച്ചയം നാലുകോടി, നെല്ലിയാമ്പതി ടൂറിസം വികസനം ഒന്നാംഘട്ടം 5.13 കോടി എന്നിങ്ങനെയാണ് ജില്ലയില്‍ ടൂറിസം വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്.