രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി നമ്മുടെ ആലപ്പുഴയില്‍; അറിയാം സവിശേഷതകള്‍

post

ആലപ്പുഴ : റോഡ് ഗതാഗതത്തിലെ ടാക്‌സി സംവിധാനത്തിന് സമാനമായി ജലഗതാഗത വകുപ്പ് ആരംഭിക്കുന്ന പുതിയ സംരംഭമാണ് വാട്ടര്‍ ടാക്‌സി. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ ടാക്‌സി സംവിധാനം ആരംഭിച്ചിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. സംസ്ഥാന ജലഗതാഗതവകുപ്പ് ആദ്യമായി നീറ്റിലിറക്കിയ വാട്ടര്‍ ടാക്‌സിയുടെയും 100 പാസഞ്ചര്‍ കപ്പാസിറ്റിയുമുള്ള കാറ്റാമറൈന്‍ ബോട്ട് സര്‍വീസിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിച്ചിരുന്നു. ഈ പദ്ധതികള്‍ ജലയാനങ്ങളുടെ നാടായ ആലപ്പുഴയില്‍ തന്നെ ആരംഭിച്ചതിന് വലിയ ഔചിത്യഭംഗിയുണ്ട്. കുറഞ്ഞ നിരക്കില്‍ പൊതു ജനങ്ങള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്‌സിയുടെ സേവനം പ്രയോജനപ്പെടുത്താം. പ്രാഥമിക ഘട്ടത്തില്‍ 4 വാട്ടര്‍ ടാക്‌സികളാണ് പുറത്തിറക്കുന്നത്. ഇതില്‍ ആദ്യത്തേത് പരീക്ഷണാടിസ്ഥാനത്തില്‍ നീറ്റിലിറക്കി. മൂന്നുകോടി 14 ലക്ഷം രൂപ ചെലവിട്ടാണ് 4 വാട്ടര്‍ ടാക്‌സികള്‍ പുറത്തിറക്കുന്നത്. പ്രത്യേക രൂപകല്‍പ്പനയിലുള്ള അതിവേഗ കാറ്റമറൈന്‍ ഡീസല്‍ എന്‍ജിന്‍ ഫൈബര്‍ ബോട്ടുകളാണ് വാട്ടര്‍ ടാക്‌സിയായി പ്രവര്‍ത്തിക്കുന്നത്.

വാട്ടര്‍ ടാക്‌സിയിലെ സൗകര്യങ്ങള്‍

വാട്ടര്‍ ടാക്‌സിയില്‍ ഒരു സമയം 10 പേര്‍ക്ക് യാത്ര ചെയ്യാം.വേഗത 15 നോട്ടിക്കല്‍ മൈല്‍ (35 കിലോമീറ്റര്‍) ആണ്.ഒരു മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. അര മണിക്കൂര്‍ നിരക്കായ 750 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.175 കുതിര ശക്തിയുള്ള ഡീസല്‍ എന്‍ജിനാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഡ്രൈവിംഗ് അനായാസമാക്കുന്ന ജോയിസ്റ്റിക്ക് രീതിയിലുള്ള ഇലക്ടിക്ക് പവര്‍ സ്റ്റിയറിംഗ് സിസ്റ്റം, സോളാര്‍ പാനല്‍ പവേര്‍ഡ് ആക്‌സില്ലറി യൂണിറ്റ് എന്നിവയും ബോട്ടിന്റെ പ്രത്യേകതകളാണ്. ബോട്ടിലെ ഫാന്‍, ലൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷക്കായി ലൈഫ് ജാക്കറ്റുകള്‍, അഗ്‌നിശമനത്തിനുള്ള യന്ത്രം, ഹള്ളില്‍ വെള്ളം കയറിയാല്‍ പുറന്തള്ളാനുള്ള ഓട്ടോമാറ്റിക്ക് സംവിധാനം എന്നിവയുമുണ്ട്. ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പ്ലാസ്റ്റിക്ക് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ബോട്ട് നിര്‍മിച്ചിരിക്കുന്നത്. 3000 ലിറ്ററാണ് ബോട്ടിന്റെ ഫ്യൂവല്‍ കപ്പാസിറ്റി. ഐ. ആര്‍.എസ് .ക്ലാസില്‍ എയറോ ഡൈനാമിക്‌സ് രീയിയിലാണ് ബോട്ടിന്റെ നിര്‍മാണം. ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ കാറ്റാമറൈന്‍ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ബോട്ടിലെ യാത്രാ സുഖം ഏറെയാണ്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ജലഗതാഗത മാര്‍ഗത്തെ ആശ്രയിക്കുന്നവര്‍ക്ക്, വാട്ടര്‍ ടാക്‌സി കൂടുതല്‍ പ്രയോജനകരമാകും.

കാറ്റാമറൈന്‍ ബോട്ടുകള്‍; പ്രത്യേകതകള്‍

ജലഗതാഗതത്തിലേക്ക്  കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ചെലവുകുറഞ്ഞതും ഏറ്റവും സുരക്ഷിതവും എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാമാര്‍ഗ്ഗം പൊതുജനത്തിന് ലഭ്യമാക്കുക എന്ന ആശയം നടപ്പിലാക്കുന്നതിനായി ജലഗതാഗതവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളിലൊന്നാണ് 100 പാസഞ്ചര്‍ കപ്പാസിറ്റിയുള്ള കാറ്റാമറൈന്‍ ബോട്ടുകളുടെ നിര്‍മ്മാണം.

20.5 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ വീതിയിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച വലിയ ബോട്ടുകളാണിവ. ഏഴ് നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍ ഉള്ള ഏഴ് കാറ്റാമറൈന്‍ ബോട്ടുകളില്‍ ആദ്യത്തേത് നീറ്റിലിറക്കി. നൂറുപേര്‍ക്ക് യാത്രചെയ്യാം. 14 കോടിയോളം ചെലവിട്ടാണ് ഏഴ് കാറ്റാമറൈന്‍ ബോട്ടുകള്‍ നിര്‍മിക്കുന്നത്.  

പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം

ജലഗതാഗത വകുപ്പിന്റെ 9400050322, 9400050325, 9400050327 എന്നീ നമ്പറുകളില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് ബോട്ടിന്റെ സേവനം ലഭ്യമാക്കാം.

എന്തുകൊണ്ട് വാട്ടര്‍ ടാക്‌സി

റോഡുകളിലെ ഗതാഗതക്കുരുക്കും മലിനീകരണപ്രശ്‌നങ്ങളും ജലഗതാഗതത്തിന്റെ സാധ്യതകള്‍ കൂട്ടുന്നുണ്ട്. പാരിസ്ഥിതിക ദോഷവും, ദൂരവും, ചെലവും കുറഞ്ഞ ജലഗതാഗതത്തെ എന്തു കൊണ്ടും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്നതാണ്. വാട്ടര്‍ ടാക്‌സി സംവിധാനം ജലഗതാഗത മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതോടൊപ്പം വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്‍കും. ജലഗതാഗത രംഗത്ത് വരുത്തുന്ന മാറ്റങ്ങള്‍ ടൂറിസം മേഖലയ്ക്ക് കരുത്തും പകരും. ആദിത്യ, വേഗ തുടങ്ങിയ സംരംഭങ്ങള്‍ക്ക് ശേഷമുള്ള പുതിയ സംരംഭം വകുപ്പിനും പൊതുജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.