വര്‍ക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

post

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വര്‍ക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാപനാശം ബീച്ചില്‍ തുടക്കം. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വര്‍ക്കല വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു നടത്തുന്നത് ഇതാദ്യമായാണെന്ന് മന്ത്രി പറഞ്ഞു. വര്‍ക്കലയുടെ അനന്തമായ ടൂറിസം സാധ്യതകള്‍ മനസിലാക്കി സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 2.6 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ക്കലയില്‍ നടന്നു. 2.4 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

പാപനാശം മുതല്‍ തിരുവമ്പാടി വരെയുള്ള കടല്‍ത്തീരത്ത് 10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വര്‍ക്കല വികസനപദ്ധതിയുടെ ഭാഗമായി നടക്കുക. വര്‍ക്കല നഗരസഭ കൈമാറിയ സ്ഥലത്ത് ഡാന്‍സിംഗ് സൗണ്ട് & ലൈറ്റ് സിസ്റ്റവും കുട്ടികളുടെ പാര്‍ക്കും സജ്ജീകരിക്കും. പാപനാശം ബീച്ചില്‍ ആവശ്യാനുസരണമുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറി, നടപ്പാത, വാച്ച് ടവര്‍ എന്നിവ നിര്‍മ്മിക്കും. ബീച്ചിലുള്ള പ്രകൃതിദത്തമായ നീരുറവകളുടെ സംരക്ഷണവും നടക്കും.  ഹെലിപാഡിന് സമീപം ഒരുകോടി രൂപ ചെലവഴിച്ച് ആധുനിക ടോയ്‌ലറ്റ് സമുച്ചയവും നിര്‍മ്മിക്കുന്നുണ്ട്.

പാപനാശം ബീച്ചില്‍ നടന്ന ചടങ്ങില്‍ വി. ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ചു.  മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദുഹരിദാസ്, വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാഹേമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ സമദ്, സ്വപ്നാശേഖര്‍, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.