കരകൗശല ഉത്പന്നങ്ങള്‍ക്ക് പ്രമേയാധിഷ്ഠിത ഷോറൂമും സ്ഥിരം പ്രദര്‍ശന വിപണന വേദിയും തുറന്നു

post

 തിരുവനന്തപുരം : കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള പ്രമേയാധിഷ്ഠിത ഷോറൂമും സ്ഥിരം പ്രദര്‍ശന വിപണന വേദിയും തിരുവനന്തപുരത്ത് തുറന്നു. എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സെന്റിനറി കെട്ടിടത്തിലാണ് കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ പുതിയ സംരംഭം.  രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിച്ചു. പരമ്പരാഗത കരകൗശല തൊഴിലാളികളുടെ സേവനങ്ങളെ കാലാനുസൃത മാറ്റങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് കരകൗശല ഉത്പന്നങ്ങള്‍ക്ക് പ്രദര്‍ശന വിപണന കേന്ദ്രവും പ്രമേയാധിഷ്ഠിത ഷോറൂമും ഒരുക്കിയത്. വിനോദ സഞ്ചാരികളെ കൂടി ലക്ഷ്യമിട്ടാണ്  പദ്ധതി. വിശാലമായ കോണ്‍ഫറന്‍സ് ഹാളും ഇവയ്‌ക്കൊപ്പം ഒരുക്കിയിട്ടുണ്ട്. കലാകാരന്‍മാരെ  ക്ഷണിച്ച് നിര്‍മ്മാണത്തിനും വിപണനത്തിനും അവസരം നല്‍കും. മരത്തടി, വെങ്കലം, ഓട്, അലുമിനിയം, ബഌക്ക് മെറ്റല്‍ തുടങ്ങിയവയില്‍ നിര്‍മ്മിക്കുന്ന ശില്‍പ്പങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഗിഫ്റ്റുകള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ഷോറൂമില്‍ ലഭിക്കും. കേരള കൈത്തറി സാരി, അഷ്ടമംഗല്യ സെറ്റ്, തൃശ്ശൂര്‍പൂരം ആനകള്‍, നെറ്റിപ്പട്ടം, ആറന്‍മുള കണ്ണാടി, കാസര്‍ഗോഡ് സാരി, ചന്ദനത്തൈലം, ചുണ്ടന്‍വള്ളം, സുഗന്ധവ്യഞ്ജന സെറ്റ് തുടങ്ങിയവ അടങ്ങുന്ന കേരള ക്രാഫ്റ്റ്‌സ് ഗിഫ്റ്റ് പാക്കേജ് തുടങ്ങിയവ പവലിയനില്‍ വില്‍പ്പനക്കായി ഒരുക്കും. കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ കരകൗശല കലാകാരന്‍മാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ പദ്ധതികള്‍.

വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.സുനില്‍ കുമാര്‍, എം.ഡി എന്‍.കെ.മനോജ്, കൈത്തറി വകുപ്പ് ഡയറക്ടര്‍ കെ.സുധീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.