നവതിയുടെ നിറവില്‍ കേരള കലാമണ്ഡലം

post

തൃശൂര്‍: കലയുടെ ഈറ്റില്ലമായ ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല നവതി തിളക്കത്തിലേക്ക്. 1930 നവംബര്‍ ഒമ്പതിനാണ് മഹാകവി വള്ളത്തോള്‍, കുഞ്ഞുണ്ണി തമ്പുരാന്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തിലെ കളിവിളക്ക് തെളിഞ്ഞത്. കേരളീയ കലകള്‍ അഭ്യസിപ്പിക്കുന്നതിനും കലാ വിദ്യാര്‍ഥികള്‍ക്കും അന്യം നിന്ന് പോകാതെ കലകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കേരള കലാമണ്ഡലം എന്ന പാഠശാല ആരംഭിച്ചത്.

കഥകളി, തുള്ളല്‍, ചാക്യാര്‍കൂത്ത് തുടങ്ങിയ കേരളീയ കലകള്‍ ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നതിനും നൃത്ത പരിശീലനത്തിനുമായിരുന്നു കൂടുതല്‍ പ്രാധാന്യം. ഇന്ന് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, കഥകളി സംഗീതം, കര്‍ണാടക സംഗീതം, മൃദംഗം, ചെണ്ട, മദ്ദളം, തിമില എന്നിങ്ങനെ 14 നൃത്ത-സംഗീത-വാദ്യ വിഭാഗങ്ങള്‍ കലാമണ്ഡലത്തിലുണ്ട്. ഈ വര്‍ഷം നവംബര്‍ ഒമ്പതിന് കലാമണ്ഡലത്തിന് 90 തികയുകയാണ്. നവതി പ്രമാണിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ക്ക് പദ്ധതിയുണ്ടെന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ടി കെ നാരായണന്‍ അറിയിച്ചു.