കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു

post

തിരുവനന്തപുരം: കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു.  പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുമരാമത്ത് വകുപ്പ് അഴിമതിമുക്തമായെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അഴിമതി നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ചു. മരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇതിലൂടെ വകുപ്പ് കൂടുതല്‍ കാര്യക്ഷമമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലക്ഷ്യബോധത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചതിനാല്‍ അവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ നിരവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു കുടകീഴില്‍ കൊണ്ട് വരാന്‍ സാധിക്കുമെന്നും, ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മിനി സിവില്‍ സ്റ്റേഷന്റെ ശിലാഫലകം അനാച്ഛാദനം അടൂര്‍ പ്രകാശ് എംപി നിര്‍വഹിച്ചു.  എംഎല്‍എമാരായ കെ.എസ്. ശബരീനാഥന്‍, സി.കെ.ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.

കാട്ടാക്കട താലൂക്കിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായാണു മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചത്. രണ്ട് ഘട്ടമായി നിര്‍മിച്ച മന്ദിരത്തിനായി 17 കോടി രൂപ ചെലവായി. ആറു നിലകളിലായി 53,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു കെട്ടിടം നിര്‍മിച്ചത്. താഴത്തെ നിലയില്‍ പാര്‍ക്കിംഗ് സൗകര്യവും ക്യാന്റീനും ഉണ്ട്. താലൂക്ക് ഓഫിസ്, സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസ്, എംപ്ലോയ്‌മെന്റ് ഓഫിസ്, ആര്‍.ടി ഓഫിസ്, ഡി.ഇ. ഓഫിസ്, ലീഗല്‍ മെട്രോളജി ഓഫിസ് എന്നിവയാണ് ഇവിടെ വരുന്ന പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍.  ഓരോ നിലകളിലും പ്രത്യേക ശൗചാലയങ്ങള്‍, അംഗപരിമിതകര്‍ക്കുള്ള സൗകര്യം, ലിഫ്റ്റ്, വിശാലമായ ലോബികള്‍ എന്നീ ഓഫിസുകള്‍ ഇവിടെയുണ്ടാകും.